ലണ്ടന്‍ – ഡി.പി വേള്‍ഡ് സി.ഇ.ഒയും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള അടുത്ത ബന്ധം വെളിപ്പെടുത്തുന്ന ഇ-മെയിലുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദുബൈ ലോജിസ്റ്റിക്‌സ് ഭീമനായ ഡി.പി വേള്‍ഡിലെ ഭാവി നിക്ഷേപങ്ങള്‍ ബ്രിട്ടീഷ് സ്ഥാപനം അവസാനിപ്പിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 13.6 ബില്യണ്‍ ഡോളറിന്റെ യു.കെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വികസന ധനകാര്യ സ്ഥാപനമായ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റാണ് ഡി.പി വേള്‍ഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഇതേ പ്രശ്‌നം കാരണം ഡി.പി വേള്‍ഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ്. പ്രധാന കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ ലാ കെയ്സ് കഴിഞ്ഞ ദിവസം ഡി.പി വേള്‍ഡുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു.
ഡി.പി വേള്‍ഡ് സി.ഇ.ഒ സുല്‍ത്താന്‍ അഹ്‌മദ് ബിന്‍ സുലൈമിനെ കുറിച്ച് എപ്സ്റ്റീന്‍ ഫയലുകളില്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ തങ്ങള്‍ ഞെട്ടിപ്പോയതായി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. ആരോപണങ്ങളുടെ വെളിച്ചത്തില്‍, കമ്പനി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ ഞങ്ങള്‍ ഡി.പി വേള്‍ഡില്‍ പുതിയ നിക്ഷേപങ്ങളൊന്നും നടത്തില്ലെന്ന് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
ഡി.പി വേള്‍ഡ് സി.ഇ.ഒയും എപ്സ്റ്റീനും തമ്മിലുള്ള വ്യക്തിബന്ധങ്ങള്‍ എടുത്തുകാണിക്കുന്ന ഒരു കൂട്ടം ഇ-മെയിലുകള്‍ യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം. ബിസിനസ്സിലും ധനകാര്യത്തിലും ഉപയോഗപ്രദമായ ബന്ധങ്ങളുടെ വിശദാംശങ്ങള്‍, നിര്‍ദിഷ്ട ഇടപാടുകള്‍, ലൈംഗിക ബന്ധങ്ങളെ കുറിച്ച് വ്യക്തമായ പരാമര്‍ശം എന്നിവ സുല്‍ത്താന്‍ അഹ്‌മദ് ബിന്‍ സുലൈമും ജെഫ്രി എപ്സ്റ്റീനും ചര്‍ച്ച ചെയ്തതായി ഇ-മെയില്‍ എക്‌സ്‌ചേഞ്ചുകള്‍ കാണിക്കുന്നു.
2021 ല്‍, മുമ്പ് സി.ഡി.സി ഗ്രൂപ്പ് എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്, സെനഗല്‍, ഈജിപ്ത്, സൊമാലിലാന്‍ഡ് എന്നിവിടങ്ങളില്‍ തുറമുഖങ്ങള്‍ സ്ഥാപിക്കാനായി ഡി.പി വേള്‍ഡില്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. പദ്ധതിക്കായി 32 കോടി ഡോളര്‍ ബി.ഐ.ഐ വാഗ്ദാനം ചെയ്തു. കൂടാതെ ഏതാനും വര്‍ഷത്തിനുള്ളില്‍ 40 കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ ഡി.പി വേള്‍ഡില്‍ നടത്തുമെന്നും ബി.ഐ.എ അറിയിച്ചിരുന്നു.



