ഗാസ ∙ ഗാസയിലെ വെടിനിർത്തൽ നിർദേശത്തോടുള്ള ഇസ്രായേലിന്റെ പ്രതികരണം പ്രോത്സാഹജനകമല്ലെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള യഥാർഥ ഉദ്ദേശ്യം ഇല്ലായ്മയെ സൂചിപ്പിക്കുന്നതാണെന്നും ഹമാസ് വൃത്തങ്ങൾ അറിയിച്ചു. മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഇസ്രായേലിന്റെ വാക്കാലുള്ള പ്രതികരണം ഹമാസിനെ അറിയിച്ചു. 60 ദിവസത്തെ വെടിനിർത്തലും ഇസ്രായേൽ ബന്ദികൾക്ക് പകരമായി ഫലസ്തീൻ തടവുകാരെ മോചിപ്പിക്കലും ഉൾപ്പെടുത്തിയ ഹമാസിന്റെ ഏറ്റവും പുതിയ ഭേദഗതികൾക്ക് ബുധനാഴ്ച ഇസ്രായേൽ പ്രതികരണം നൽകിയതായി വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വ്യക്തമാക്കി. എന്നാൽ, ഫലസ്തീനികൾ എതിർക്കുന്ന യു.എസ്.-ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്.) വഴിയുള്ള റിലീഫ് വിതരണ സംവിധാനവും ഗാസയിലെ സുരക്ഷാ പോയിന്റുകളിൽ സൈനിക സാന്നിധ്യം നിലനിർത്താനുള്ള ഇസ്രായേലിന്റെ നിർബന്ധവും ചർച്ചകൾക്ക് തടസ്സമായി.
വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണത്തെ തുടര്‍ന്ന്, ജൂലൈ ആറു മുതല്‍ ദോഹയില്‍ നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ നിന്ന് തങ്ങളുടെ പ്രതിനിധികള്‍ പിന്മാറുന്നതായി അമേരിക്കയും ഇസ്രായിലും ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ഹമാസും അമേരിക്കയും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരസ്പര ആരോപണ, പ്രത്യാരോപണങ്ങള്‍ നടത്തി.
ഒരാഴ്ചയിലേറെ മുമ്പ് ഇസ്രായിലും അമേരിക്കയും പിന്മാറിയതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഓരോ കക്ഷിയും അവരുടെ വ്യവസ്ഥകളില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു വഴിത്തിരിവ് ആസന്നമാണെന്ന് സൂചിപ്പിക്കാന്‍ കഴിയുന്ന നിലക്ക് അവര്‍ വഴക്കം കാണിക്കുന്നില്ല.
ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കാതെ ഗാസക്കുള്ള സഹായം വര്‍ധിപ്പിക്കാനാണ് നിലവില്‍ അമേരിക്ക നീക്കം നടത്തുന്നത്. സമ്മര്‍ദങ്ങളെ തുടര്‍ന്ന് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകള്‍ നടന്നാല്‍ പോലും ഗാസയില്‍ തങ്ങള്‍ നിയന്ത്രിക്കുന്ന മേഖലകളില്‍ തുടരാനുള്ള ഇസ്രായിലിന്റെ നിലപാട് ചര്‍ച്ചകള്‍ വീണ്ടും നിഷ്ഫലമാകുമെന്ന് സ്ഥിരീകരിക്കുന്നതായി ഈജിപ്ഷ്യന്‍ വൃത്തങ്ങള്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ഗാസ മുനമ്പിലെ റിലീഫ് വിതരണ കേന്ദ്രം മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സന്ദര്‍ശിച്ചതായി എക്‌സ് പ്ലാറ്റ്ഫോം വഴി ഇസ്രായിലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി പറഞ്ഞു. ഭക്ഷ്യസഹായ വിതരണ പ്രക്രിയ പരിശോധിക്കാന്‍ വിറ്റ്‌കോഫ് വെള്ളിയാഴ്ച ഗാസയിലേക്ക് പോയതായും ഗാസയിലേക്കുള്ള സഹായവസ്തുക്കളുടെ വിതരണം വേഗത്തിലാക്കാനുള്ള അന്തിമ പദ്ധതിയില്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു.
ഗാസയില്‍ ഭക്ഷണവും സഹായവും വിതരണം ചെയ്യുന്നതിനുള്ള അന്തിമ പദ്ധതി അംഗീകരിക്കാനായി, ഗാസ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേക പ്രതിനിധിയും അംബാസഡറും പ്രസിഡന്റിനെ ഉടന്‍ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗാസയിലെ ആളുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞതായി അമേരിക്കന്‍ വെബ്സൈറ്റ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഹമാസിനോട് വേഗത്തില്‍ കീഴടങ്ങാനും ട്രംപ് ആവശ്യപ്പെട്ടു.