അമ്മാന്‍– പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷക സെയ്ന അല്‍മജാലിയെ (30) മയക്കുമരുന്ന് അടിമയായ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി. ഉത്തര അമ്മാനില്‍ കുടുംബത്തിന്റെ വീട്ടിലാണ് ദാരുണമായ സംഭവം. പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ സെയ്‌ന അല്‍മജാലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സര്‍ക്കാര്‍ നടത്തുന്ന അല്‍മംലക്ക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ പ്രതി പോലീസില്‍ കീഴടങ്ങുകയായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
സെയ്‌ന അല്‍മജാലി അമ്മാനിലെ അല്‍റാശിദ് ജില്ലയില്‍ നിന്നുള്ള അഭിഭാഷകയാണ്. 35 വയസുകാരനായ സഹോദരനെതിരെ സെയ്‌ന അല്‍മജാലി നേരത്തെ കുടുംബ സംരക്ഷണ യൂണിറ്റില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിരുന്നു. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സെയ്ന അല്‍മജാലി കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.
യുവ അഭിഭാഷകക്ക് നാല് തവണ കുത്തേറ്റതായും ഇതിലൊന്ന് ഹൃദയത്തില്‍ തട്ടിയതായും ഹൃദയത്തിലേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജോര്‍ദാന്‍ യൂണിവേഴ്‌സിറ്റി ആശുപത്രി ഫോറന്‍സിക് മെഡിസിന്‍ സെന്റര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. മാനസിക രോഗികള്‍ അടക്കമുള്ള വിഷവ്യക്തികള്‍ മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ഹാനിയെ കുറിച്ച പോസ്റ്റ് ആണ് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ അവസാനമായി സെയ്‌ന അല്‍മജാലി പോസ്റ്റ് ചെയ്തത്. ഇത്തരം മക്കളുടെ പെരുമാറ്റങ്ങള്‍ അവഗണിക്കുന്നതിനെതിരെ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ സെയ്‌ന അല്‍മജാലി കാര്യങ്ങള്‍ ദുരന്തത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പ് ഇത്തരക്കാര്‍ക്ക് മാനസിക ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം പെരുമാറ്റങ്ങളെ അവഗണിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അവബോധം പോസ്റ്റ് വെളിപ്പെടുത്തി. യഥാര്‍ഥ പ്രശ്‌നം ചികിത്സ തേടുന്നതിലല്ല. മറിച്ച്, ചികിത്സ ലഭ്യമാക്കാന്‍ ഇടപെടാതെ തന്റെ ചുറ്റുമുള്ളവരെ ഉപദ്രവിക്കാന്‍ രോഗിയെ അനുവദിക്കുന്നതാണ് പ്രശ്‌നമെന്ന് സെയ്‌ന അല്‍മജാലി പോസ്റ്റില്‍ പറഞ്ഞു.



