ദമാസ്‌കസ് – സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന്‍ അറിയിച്ചു. ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി ദമാസ്‌കസ് സന്ദര്‍ശിച്ച് പ്രസിഡന്റ് അഹ്മദ് അല്‍ശറഉമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതായി ബ്രിട്ടന്‍ ഔദ്യോഗികമായി അറിയിച്ചത്. സിറിയന്‍ ജനതക്ക് പുതിയ പ്രതീക്ഷയുണ്ട്. എല്ലാ സിറിയക്കാര്‍ക്കും സുസ്ഥിരവും കൂടുതല്‍ സുരക്ഷിതവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതകള്‍ നിറവേറ്റുന്നതിന് പുതിയ സര്‍ക്കാരിനെ പിന്തുണക്കേണ്ടത് ഞങ്ങളുടെ താല്‍പര്യമായതിനാല്‍ ബ്രിട്ടന്‍ സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു – ലണ്ടനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ലാമി പറഞ്ഞു.
വിദേശ മന്ത്രി അസ്അദ് അല്‍ശൈബാനിയുടെ സാന്നിധ്യത്തില്‍ അഹ്മദ് അല്‍ശറഅ് ബ്രിട്ടീഷ് വിദേശ മന്ത്രിയെ സ്വീകരിച്ചതായും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനുള്ള വഴികള്‍, പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തതായും സിറിയന്‍ പ്രസിഡന്‍സി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളും പരസ്പര താല്‍പര്യമുള്ള വിവിധ മേഖലകളില്‍ സംഭാഷണവും സഹകരണവും വര്‍ധിപ്പിക്കാനുള്ള വഴികളും സിറിയന്‍ വിദേശ മന്ത്രിയും ഡേവിഡ് ലാമിയും പിന്നീട് വിപുലമായി ചര്‍ച്ച ചെയ്തു. സിറിയയിലെ കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളെ പിന്തുണക്കാനുള്ള ബ്രിട്ടന്റെ താല്‍പര്യം ഡേവിഡ് ലാമി സിറിയന്‍ വിദേശ മന്ത്രിയെ അറിയിച്ചതായി സിറിയന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ബ്രിട്ടന്‍ സന്ദര്‍ശിക്കാനുള്ള ഔദ്യോഗിക ക്ഷണം അസ്അദ് അല്‍ശൈബാനിക്ക് ലഭിച്ചിട്ടുണ്ട്. ലണ്ടനിലെ സിറിയന്‍ എംബസി വീണ്ടും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സിറിയന്‍ വിദേശ മന്താലയം പറഞ്ഞു. പക്ഷേ, സിറിയന്‍ എംബസി തുറക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ മന്ത്രാലയം നല്‍കിയില്ല. സിറിയന്‍-ബ്രിട്ടീഷ് സാമ്പത്തിക കൗണ്‍സില്‍ രൂപീകരിക്കാന്‍ കരാറിലെത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
സിറിയ കൈവരിച്ച പുരോഗതിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, സിറിയയില്‍ സമഗ്രമായ ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ആവശ്യകത ഞങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ സിറിയന്‍ സര്‍ക്കാരിനെ പിന്തുണക്കാന്‍ ബ്രിട്ടന്‍ തയാറാണ് – ബ്രിട്ടീഷ് വിദേശ മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
സിറിയന്‍ ആഭ്യന്തര മന്ത്രി അനസ് ഖത്താബുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളുടെയും പങ്കിട്ട സുരക്ഷാ മുന്‍ഗണനകളെ കുറിച്ച് ചര്‍ച്ച ചെയ്തതായി സിറിയയിലെ ബ്രിട്ടീഷ് പ്രതിനിധി ആന്‍ സ്‌നോ അടുത്തിടെ പറഞ്ഞു. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കുന്നതില്‍ സിറിയക്കുള്ള ബ്രിട്ടന്റെ പിന്തുണ ട്വിറ്ററിലൂടെ ബ്രിട്ടീഷ് പ്രതിനിധി വ്യക്തമാക്കി.
സിറിയയില്‍ ജനകീയ പ്രതിഷേധങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് 2012 മധ്യത്തില്‍ ബ്രിട്ടന്‍ സിറിയയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. സിറിയക്കെതിരായ ഉപരോധങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള യൂറോപ്യന്‍ നടപടികളുടെ ഭാഗമായി, സിറിയയിലെ പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും സുരക്ഷാ വകുപ്പുകള്‍ക്കും മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ആസ്തി മരവിപ്പിക്കല്‍ തീരുമാനം എടുത്തുകളഞ്ഞതായി കഴിഞ്ഞ ഏപ്രിലില്‍ ബ്രിട്ടീഷ് ട്രഷറി മന്ത്രാലയം അറിയിച്ചിരുന്നു.