കയ്‌റോ – ഗ്രീസിലെ ക്രീറ്റിന് തെക്ക് ഭാഗത്ത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 27 ഈജിപ്തുകാരും മറ്റ് രാജ്യക്കാരായ അഞ്ച് പേരും മരിച്ചു. നിരവധി ഈജിപ്ഷ്യൻ പൗരന്മാരുടെ മരണത്തിനോ തിരോധാനത്തിനോ കാരണമായ ദാരുണമായ സംഭവത്തെ തുടർന്ന് ഗ്രീക്ക് അധികൃതരുമായി ഏകോപിപ്പിച്ച് എംബസി 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗ്രീസിലെ ഈജിപ്ത് അംബാസഡർ ഉമർ ആമിർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചവരുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാനും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ച് അവരെ അറിയിക്കാനുമായി അവരുമായി എംബസി നിരന്തരം ബന്ധപ്പെടുന്നു. മരണപ്പെട്ട 14 ഈജിപ്ഷ്യൻ പൗരന്മാരുടെ ഐഡന്റിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ ഈജിപ്തിലേക്ക് തിരിച്ചയക്കാൻ നടപടികൾ സ്വീകരിക്കുന്നു. ദുരന്തത്തിൽ 13 ഈജിപ്തുകാരെ കാണാതായിട്ടുണ്ടെന്നും അംബാസഡർ പറഞ്ഞു.
ഡിസംബർ ഏഴിന് അയൽരാജ്യത്ത് നിന്ന് ഗ്രീസിലേക്ക് പുറപ്പെട്ട അനധികൃത കുടിയേറ്റ ബോട്ടിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 ലേറെ അനധികൃത കുടിയേറ്റക്കാരുണ്ടായിരുന്നതായും ഇക്കൂട്ടത്തിൽ 14 ഈജിപ്ഷ്യൻ പൗരന്മാർ മരണപ്പെട്ടതായും ഈജിപ്ഷ്യൻ വിദേശ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കി വേഗത്തിൽ സ്വദേശത്തെത്തിക്കാൻ ഈജിപ്ഷ്യൻ വിദേശ മന്ത്രി ബദർ അബ്ദുൽആത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മൃതദേഹങ്ങൾ ഈജിപ്തിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാനായി ഏഥൻസിലെ ഈജിപ്ഷ്യൻ എംബസി മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അനധികൃത കുടിയേറ്റ ശൃംഖലകളുടെ പ്രലോഭനങ്ങളിൽ വീഴരുതെന്ന് സ്വന്തം പൗരന്മാരോട് ഈജിപ്ഷ്യൻ വിദേശ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധുവായ വിസകളിലൂടെ വിദേശ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ദുരന്തത്തിൽ മരിച്ച, ശർഖിയ, മിൻയ ഗവർണറേറ്റുകളിൽ നിന്നുള്ള ഈജിപ്ഷ്യൻ യുവാക്കളുടെ പേരുകൾ ഗ്രീസിലെ ഈജിപ്ഷ്യൻ എംബസി പുറത്തുവിട്ടു. ഇത്തരം ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളിൽ പൗരന്മാരെ പിന്തുണക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായി, ദുരിതബാധിതരുടെയും കാണാതായവരുടെയും കുടുംബങ്ങളെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ലഭ്യമായ വിവരങ്ങളും മൃതദേഹങ്ങൾ ഈജിപ്തിൽ എത്തിച്ചേരുന്ന തീയതികളും അറിയിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ ഗ്രീസിലേക്ക് പോകുന്നതിനിടെ ലിബിയൻ തീരത്ത് അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 13 ഈജിപ്തുകാർ മരിച്ചിരുന്നു.



