തെല്‍അവീവ് – ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടർന്ന് ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍. കൈകള്‍ പിറകിലേക്ക് ബന്ധിച്ച് നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിച്ച ഇറ്റാമര്‍ അവരെ എത്രയും വേഗം വധശിക്ഷക്ക് വിധേയരാക്കണമെന്ന് തടവുകാര്‍ക്കു മുന്നില്‍ വെച്ച് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. ഇസ്രായില്‍ ഭീകരര്‍ എന്ന് മുദ്രകുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വീഡിയോയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ വരും ആഴ്ചകളില്‍ നെസെറ്റില്‍ അവതരിപ്പിക്കാന്‍ ബെന്‍-ഗ്വിര്‍ ഉദ്ദേശിക്കുന്നു. ഇതേ കുറിച്ച് ചര്‍ച്ചകള്‍ ഇസ്രായില്‍ ഗവണ്‍മെന്റിനുള്ളില്‍ നടക്കുന്നതിനിടെയാണ് ഫലസ്തീന്‍ തടവുകാര്‍ക്കു സമീപം പ്രത്യക്ഷപ്പെട്ട് തീവ്രവലതുപക്ഷ മന്ത്രി ഫലസ്തീനികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടത്.
‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും ശിശുക്കളെയും കൊല്ലാന്‍ ഹമാസിന്റെ സൈനിക വിഭാഗത്തിലെ എലൈറ്റ് യൂണിറ്റില്‍ നിന്നാണ് ഇവര്‍ വന്നത്. ഇപ്പോള്‍ അവരെ നോക്കൂ, അവര്‍ ഏറ്റവും കുറഞ്ഞ അവകാശങ്ങളോടെയാണ് ജീവിക്കുന്നത്. പക്ഷേ, ഇപ്പോഴും ചെയ്യേണ്ട ചിലത് ഉണ്ട്, തീവ്രവാദികളുടെ വധശിക്ഷ’ – വിവാദ പ്രസ്താവനകള്‍ക്ക് പേരുകേട്ട തീവ്ര വലതുപക്ഷ മന്ത്രി വീഡിയോയില്‍ പറഞ്ഞു.
തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ഇസ്രായിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ തുടര്‍ന്ന് ഹമാസിനെതിരെ ഇസ്രായിലിനുള്ളില്‍ ഉയര്‍ന്നുവരുന്ന രോഷം മുതലെടുക്കാന്‍ ശ്രമിക്കുന്ന, തീവ്ര വലതുപക്ഷ വീക്ഷണങ്ങള്‍ക്ക് പേരുകേട്ട ബെന്‍-ഗ്വിര്‍, ഫലസ്തീന്‍ തടവുകാര്‍ക്ക് കൂടുതല്‍ കഠിനമായ ശിക്ഷകള്‍ നല്‍കണമെന്ന തന്റെ ആവശ്യത്തിന് കരുത്ത് പകരാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇസ്രായിലി സിവിലിയന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ വധിക്കാനുള്ള നിര്‍ദിഷ്ട ബില്‍ ബെന്‍-ഗ്വിര്‍ മുന്നോട്ടുവെച്ചത്. നവംബര്‍ ഒമ്പതിനു മുമ്പ് ബില്‍ നെസെറ്റിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഭരണ സഖ്യത്തിനുള്ള പിന്തുണ താന്‍ പിന്‍വലിക്കുമെന്ന് ബെന്‍-ഗ്വിര്‍ ഭീഷണിപ്പെടുത്തുന്നു. ഇത് യുദ്ധം കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും സുരക്ഷാ നയങ്ങളെ കുറിച്ചും ആഭ്യന്തര വിമര്‍ശനം നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.
അതേസമയം, ഫലസ്തീന്‍ തടവുകാരോടുള്ള ഇസ്രായിലിന്റെ നയങ്ങളെ ഫലസ്തീന്‍ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ശിക്ഷ അര്‍ഹിക്കുന്ന വ്യവസ്ഥാപിത കുറ്റകൃത്യമാണിത്. ഏകപക്ഷീയമായ അറസ്റ്റും പീഡനവും യുദ്ധോപകരണങ്ങളായി ഇസ്രായില്‍ ഉപയോഗിക്കുകയാണ്. ഇസ്രായില്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ നടത്തുന്ന യുദ്ധക്കുറ്റകൃത്യങ്ങളെയും വ്യവസ്ഥാപിത അടിച്ചമര്‍ത്തല്‍ നയങ്ങളെയും, തടവുകാരെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് റെഡ് ക്രോസിനെയും കുടുംബങ്ങളെയും വിലക്കുന്നതിനെയും ഫലസ്തീന്‍ വിദേശ മന്ത്രാലയം അപലപിച്ചു. പീഡനം, പട്ടിണിക്കിടല്‍, വൈദ്യ പരിചരണം നിഷേധിക്കല്‍, കൂട്ട ശിക്ഷ, സാവധാനത്തിലുള്ള കൊലപാതകം എന്നിവയുള്‍പ്പെടെ ജയിലുകളില്‍ ഇസ്രായില്‍ പയറ്റുന്ന രീതികള്‍ ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യാ യുദ്ധത്തിന്റെ തുടര്‍ച്ചയാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫലസ്തീന്‍ തടവുകാര്‍ക്കെതിരായ ഈ നയങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉടനടി നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയോടും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനോടും ഫലസ്തീന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.



