ബ്രസ്സൽസ്– ഈ മാസം നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമം മാനിക്കാൻ ഇസ്രായിലിനും ഹമാസിനും മേൽ സമ്മർദം ചെലുത്തുക എന്നതാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് പ്രെവോട്ട് എക്‌സിൽ കുറിച്ചു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കുകയും ഫലസ്തീൻ ഭരണത്തിൽ നിന്ന് ഗ്രൂപ്പിനെ ഒഴിവാക്കുകയും ചെയ്താൽ മാത്രമേ ഫലസ്തീനെ അംഗീകരിക്കാൻ കഴിയൂ എന്ന് ബെൽജിയൻ വിദേശ മന്ത്രി പറഞ്ഞു.
യൂറോപ്യൻ യൂണിയനിലെ അംഗമെന്ന നിലയിൽ ബെൽജിയം ഇസ്രായിലിനെതിരെ 12 കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തും. വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനവും ഇസ്രായിലി കമ്പനികളുമായുള്ള സർക്കാർ കരാറുകളുടെ പുനഃപരിശോധനയും ഇതിൽ ഉൾപ്പെടുന്നു.
ബെൽജിയത്തിനു പുറമെ ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സമാനമായ നടപടികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നെതന്യാഹുവിനു കീഴിൽ അന്താരാഷാട്ര നിയമലംഘനം, ഗാസയിലെ വംശഹത്യ എന്നീ ആരോപണങ്ങൾ ഇസ്രായിലിന്റെ ആഗോള പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു. രണ്ടു വർഷമായി തുടരുന്ന ഗാസ യുദ്ധത്തിൽ ഇതിനകം 63,000 ലേറെ പേർ കൊല്ലപ്പെട്ടു. ഗാസയിലേത് മനുഷ്യനിർമിത പട്ടിണിയാണെന്ന് യു.എൻ പിന്തുണയുള്ള ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ വിശേഷിപ്പിച്ചു. ഗാസയിൽ മാനുഷിക സഹായം എത്തിക്കുത് അതിർത്തിയിൽ ഇപ്പോഴും ഇസ്രായിൽ തടയുന്നു
ഇസ്രായിലിനെതിരെ അന്താരാഷ്ട്ര നടപടി സമീപ മാസങ്ങളിൽ വർധിച്ചിട്ടുണ്ട്. ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായിൽ മന്ത്രിമാരായ ബെൻ ഗ്വിറിനും സ്മോട്രിച്ചിനും മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതു മുതൽ 23 വരെ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗങ്ങളിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ ഫ്രാൻസ് അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ജൂലൈ അവസാനം പ്രഖ്യാപിച്ചു. അതിനുശേഷം, ഒരു ഡസനിലധികം പാശ്ചാത്യ രാജ്യങ്ങൾ ഫ്രാൻസിന്റെ പാത പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തെ 2023 ഒക്ടോബർ ഏഴിന് പ്രതിരോധ ആക്രമണം നടത്തിയ ഹമാസിനുള്ള പാരിതോഷികമായിട്ടാണ് അമേരിക്കയും ഇസ്രായിലും കണക്കാക്കുന്നത്.