1939 സെപ്റ്റംബർ 1 നാസി ഭരണത്തിന്റെ കീഴിലുള്ള ജർമ്മനി പോളണ്ടിനെ ആക്രമിക്കുന്നു. ഇതൊരു ആരംഭമായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന വേഴ്സാഴ് ഉടമ്പടിയിലൂടെ യുദ്ധത്തിന്റെ കാരണക്കാരായി ലോകം മുഴുവൻ ജർമനിയെ കാണുന്നു. വലിയ നഷ്ടപരിഹാരവും, സൈനിക നിയന്ത്രണവും പോലെയുള്ള കർശന നിയമങ്ങളും ജർമനിയുടെ മേൽ ചുമത്തപ്പെടുന്നു.
വർഷങ്ങൾക്ക് ശേഷം അഥവാ 1933ൽ ഹിറ്റ്ലർ ജർമ്മനിയുടെ ഭരണാധികാരിയായി ചുമതലയേറ്റു. തുടർന്ന് ഹോളോകോസ്റ്റ് ( ജൂതന്മാരുടെ കൂട്ടക്കൊല) പോലെയുള്ള ക്രൂര പ്രവർത്തികൾ ജർമനിയിൽ അരങ്ങേറുന്നു. തുടർന്ന് ഈ ആക്രമണം യൂറോപ്പിലെ പല ഭാഗത്തേക്കും വ്യാപിക്കുന്നു. ഓസ്ട്രിയ, ചെക്കോസ്ലോവാക്യ പോലെയുള്ള രാജ്യങ്ങൾ ആക്രമിച്ച് ഹിറ്റ്ലർ നാസി ഭരണം വ്യാപിപ്പിക്കുന്നു.
തുടർന്ന് 1939 സെപ്റ്റംബർ ഒന്നിന് ജർമ്മൻ ജനതക്ക് കൂടുതൽ ഭൂമി കൈവശം വേണമെന്നുള്ള ആശയത്തെ മുന്നോട്ടുവച്ചു നാസി പട്ടാളം പോളണ്ടിനെ ആക്രമിച്ചതോടെ കാര്യങ്ങളുടെ ഗതിമാറുന്നു. രണ്ടുദിവസങ്ങൾക്കുശേഷം സെപ്റ്റംബർ മൂന്നിന് ഫ്രാൻസും ബ്രിട്ടനും ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതോടെ തുടക്കം കുറിച്ചത് ലോകം കണ്ട ഏറ്റവും വലിയ യുദ്ധത്തിലേക്ക് ആയിരുന്നു.
‘രണ്ടാം ലോകമഹായുദ്ധം’
1939 മുതൽ 1945 വരെ നീണ്ട ആറു വർഷക്കാലം നടന്ന ഈ യുദ്ധത്തിൽ ഏകദേശം മൂന്ന് കോടി സാധാരണക്കാരടക്കം ആറ് കോടിയിലധികം പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൂട്ടലുകൾ.
ചരിത്രത്താളുകളിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭ ദിവസമായി സെപ്റ്റംബർ ഒന്നിനെയാണ് കാണുന്നത്.