ജിദ്ദ: അടുത്ത മാസം നടക്കുന്ന 80-ാമത് യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഫലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരം ഗാസയിലെ സംഘർഷവും ദുരിതവും അവസാനിപ്പിക്കാനുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ അംഗീകാരം ചില വ്യവസ്ഥകൾക്ക് വിധേയമാണ്. ഹമാസിനെ ഗവൺമെന്റിൽ നിന്ന് പൂർണമായി ഒഴിവാക്കുക, ഫലസ്തീൻ പ്രതിരോധ ഗ്രൂപ്പുകളെ നിരായുധീകരിക്കുക, ജനാധിപത്യ തിരഞ്ഞെടുപ്പുകൾ നടത്തുക, ഇസ്രായേലിന്റെ അസ്തിത്വത്തെ അംഗീകരിക്കുക എന്നിവ ഫലസ്തീൻ അതോറിറ്റി ഉറപ്പാക്കണമെന്ന് അൽബനീസ് ആവശ്യപ്പെട്ടു.
ഗാസയിലെ സംഘര്‍ഷം, ദുരിതം, പട്ടിണി എന്നിവ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല പ്രതീക്ഷ എന്ന നിലയില്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനമെന്ന് ആന്റണി അല്‍ബനീസ് പറഞ്ഞു.
ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ഗാസ സംഘര്‍ഷത്തിനുള്ള പരിഹാരം സൈനികമല്ല, രാഷ്ട്രീയമാണ് എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചു.
ഇസ്രായില്‍, ഫലസ്തീന്‍ അതോറിറ്റി, ന്യൂസിലാന്റ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്കും ഓസ്ട്രേലിയന്‍ മന്ത്രിസഭാ യോഗത്തിനും ശേഷമാണ് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പ്രഖ്യാപനം ആന്റണി അല്‍ബനീസ് നടത്തിയത്. ഓസ്ട്രേലിയന്‍ വിദേശ മന്ത്രി പെന്നി വോങ് യു.എസ് വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയെയും ഇക്കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ന്യൂസിലാന്റിന്റെ ഉദ്ദേശ്യം ന്യൂസിലന്റ് വിദേശ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സും അറിയിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണിന്റെ സര്‍ക്കാര്‍ സെപ്റ്റംബറില്‍ ഔപചാരിക തീരുമാനം എടുക്കുമെന്നും യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും പീറ്റേഴ്സ് പറഞ്ഞു. ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍, മാള്‍ട്ട അടക്കം ഏതാനും രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ യു.എന്‍ അംഗ രാജ്യങ്ങളില്‍ 145 രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.