റാമല്ല – ജൂതകുടിയേറ്റക്കാരുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും ഭീഷണികളും കാരണം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെറിക്കോയ്ക്ക് വടക്കുള്ള അല്‍ഔജ പ്രദേശത്തിന്റെ വടക്കു ഭാഗത്ത് നിന്ന് ഏകദേശം 20 ഫലസ്തീന്‍ കുടുംബങ്ങള്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. പലായനം ചെയ്ത കുടുംബങ്ങള്‍ അല്‍കആബിന ഗോത്രത്തിലെ അല്‍അംറൈന്‍ കുടുംബത്തില്‍ പെട്ടവരാണെന്ന് അല്‍ബൈദര്‍ മനുഷ്യാവകാശ സംഘടന ജനറല്‍ സൂപ്പര്‍വൈസര്‍ ഹസന്‍ മലൈഹാത്ത് വ്യക്തമാക്കി.
സ്വന്തം സുരക്ഷക്ക് വേണ്ടി അവര്‍ വീടുകളും ഉപജീവനമാര്‍ഗങ്ങളും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ നിന്ന് ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ ഫലസ്തീനികള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കുന്നില്ല. പ്രദേശത്തു നിന്ന് യഥാര്‍ഥ നിവാസികളെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങൾ, ഭീഷണി നയം ഇസ്രായിലും ജൂതകുടിയേറ്റക്കാരും പിന്തുടരുന്നു. ജോര്‍ദാന്‍ താഴ്വരയിലെ ബെദൂയിന്‍ സമൂഹങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണ് അല്‍ഔജ പ്രദേശത്ത് സംഭവിക്കുന്നത്. ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഹസന്‍ മലൈഹാത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം ജൂതകുടിയേറ്റക്കാര്‍ അല്‍ഔജയില്‍ നടത്തിയ ആക്രമണത്തിൽ ഒരു ഫലസ്തീന്‍ സ്ത്രീക്ക് പരിക്കേറ്റു. ഹെബ്രോണിലെ അല്‍സുമൂഇന് കിഴക്കുള്ള അല്‍ഖറാബ പ്രദേശത്ത് ഒരു കൂട്ടം കുടിയേറ്റക്കാരുടെ മര്‍ദനത്തില്‍ മറ്റൊരു ഫലസ്തീനിക്കും പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഇസ്രായില്‍ സൈന്യം പ്രദേശത്ത് റെയ്ഡ് നടത്തി ഫലസ്തീന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിന്റെ വിവിധ ഭാഗങ്ങളില്‍ ഫലസ്തീനികള്‍ക്കെതിരായ ജൂതകുടിയേറ്റക്കാരുടെയും ഇസ്രായിലി സൈന്യത്തിന്റെയും ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. വ്യാഴാഴ്ച വൈകുന്നേരം നബ്ലസിനടുത്തുള്ള ദെയ്ര്‍ ശറഫിലെ അല്‍ജുനൈദി നഴ്സറിയില്‍ ഡസന്‍ കണക്കിന് ജൂതകുടിയേറ്റക്കാര്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഗ്രാമത്തില്‍ നിരവധി ഫലസ്തീന്‍ വാഹനങ്ങളും സ്വത്തുക്കളും കുടിയേറ്റക്കാര്‍ കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ഗുരുതരമായി പരിക്കേറ്റ ഫലസ്തീനിയെ ചികിത്സക്കായി ഇസ്രായിലി ആശുപത്രിയിലേക്ക് മാറ്റിയതായും ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഹെബ്രോണിന് തെക്ക് മസാഫര്‍ യാട്ടയിലെ ബിരിന്‍ ഗ്രാമത്തില്‍ കാര്‍ഷികാവശ്യത്തിന് നിര്‍മിച്ച മുറിയും സംരക്ഷണ ഭിത്തിയും ഇസ്രായില്‍ സൈന്യം പൊളിച്ചുമാറ്റി. നബ്ലസിലെ അപ്പര്‍ തആവുന്‍ പ്രദേശത്തെ രണ്ട് വീടുകള്‍ പെര്‍മിറ്റില്ലാതെ നിര്‍മ്മിച്ചതാണെന്ന് ആരോപിച്ചാണ് അവര്‍ പൊളിച്ചുമാറ്റിയത്. പ്രദേശത്ത് ഇസ്രായില്‍ സേന നടത്തിയ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
2027 ഓടെ വെസ്റ്റ് ബാങ്കില്‍ പത്തു ലക്ഷം ജൂതകുടിയേറ്റക്കാരെ കുടിയിരുത്തുക എന്ന ഇസ്രായിലി പദ്ധതിയുടെ ഭാഗമായി, കുടിയേറ്റ പദ്ധതികള്‍ ശക്തിപ്പെടുത്തുകയും ഫലസ്തീന്‍ ജനതയെ കൂടുതല്‍ ശ്വാസം മുട്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇസ്രായില്‍ തുടരുകയാണ്. സര്‍ക്കാര്‍ ഭൂമിയാണെന്ന വ്യാജേന ഖല്‍ഖിലിയ ഗവര്‍ണറേറ്റിലെ കഫ്ര്‍ തുല്‍ത്തിലും സല്‍ഫിത്ത് ഗവര്‍ണറേറ്റിലെ ദെയ്ര്‍ ഇസ്തിയയിലും ബിദ്‌യയിലും 694 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തതായി ഫലസ്തീന്‍ കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ പറഞ്ഞു. കൊളോണിയല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫലസ്തീന്‍ ഭൂമിശാസ്ത്രത്തെ പുനര്‍നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത സമീപനത്തിന്റെ ഭാഗമായ ഭൂമി കണ്ടുകെട്ടല്‍ നയത്തിലെ അപകടകരമായ വര്‍ധനവാണിത്. സൈനിക ഉത്തരവുകള്‍ പുറപ്പെടുവിച്ച്, ഭൂമി പിടിച്ചെടുക്കാനുള്ള ഏകപക്ഷീയമായ നടപടികളിലൂടെ ഖല്‍ഖിലിയക്ക് കിഴക്ക് പുതിയ ജൂതകുടിയേറ്റ ബ്ലോക്ക് സ്ഥാപിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ വിശദീകരിച്ചു.
ഒരു വര്‍ഷത്തോളമായി ജെനീന്‍, തൂല്‍കറം അഭയാര്‍ഥി ക്യാമ്പുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു പോലെ, വെസ്റ്റ് ബാങ്കിലെ എല്ലാ അഭയാര്‍ഥി ക്യാമ്പുകളിലും വലിയ തോതിലുള്ള സൈനിക നടപടിക്ക് തയ്യാറെടുക്കാനും ദീര്‍ഘകാലത്തേക്ക് അവ കൈവശപ്പെടുത്താനും ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. വ്യാഴാഴ്ച, ജെനീന് തെക്കുള്ള ഫന്‍ദഖൂമിയ ഗ്രാമത്തിലെ ഏകദേശം 140 ഏക്കര്‍ ഭൂമി ഇസ്രായില്‍ സൈന്യം പിടിച്ചെടുത്തു. ജൂതകുടിയേറ്റക്കാര്‍ പ്രദേശത്ത് മൊബൈല്‍ വീടുകള്‍ സ്ഥാപിച്ചു. ചൊവ്വാഴ്ച, ജെനീന്‍ ഗവര്‍ണറേറ്റിലെ ഫന്‍ദഖൂമിയ, സീലത്ത് അദ്ദഹര്‍, നബ്ലസിലെ ബര്‍ഖ എന്നീ ഗ്രാമങ്ങളില്‍ നിന്ന് 47 ഏക്കര്‍ ഭൂമി ഇസ്രായില്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. 2005 ല്‍ ഒഴിപ്പിക്കപ്പെട്ട ഹോമിശ്, സാനൂര്‍ ജൂതകുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സുരക്ഷാ റോഡ് നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നും പിടിച്ചെടുത്ത ആകെ 503 ഏക്കര്‍ ഭൂമിയിലേക്ക് ഈ ഭൂമി കൂടിച്ചേര്‍ത്തു.
ഫലസ്തീനികളുടെ ഭൂമി സര്‍ക്കാര്‍ ഭൂമി ആയി പ്രഖ്യാപിക്കുന്ന നയം സാങ്കേതികമോ ഭരണപരമോ ആയ നടപടിക്രമമല്ല. മറിച്ച്, ഇസ്രായിലി കുടിയേറ്റ പദ്ധതിയിലെ കേന്ദ്ര ഉപകരണമാണെന്ന് കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ പറയുന്നു. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് പുറത്താക്കാനും ഭാവിയില്‍ ജൂതകുടിയേറ്റ വികസനത്തിന് വേണ്ടി സാഹചര്യമൊരുക്കാനും ഇത് ഉപയോഗിക്കുന്നു.
നിയമനിര്‍മ്മാണം, ഘടനാപരമായ പദ്ധതികള്‍, കണ്ടുകെട്ടല്‍ ഉത്തരവുകള്‍ എന്നിവയെ കുടിയേറ്റ കോളനി നിര്‍മാണത്തിനുള്ള ടെന്‍ഡറുകളുമായി സംയോജിപ്പിച്ച് മാറ്റാനാവാത്ത വസ്തുതകള്‍ ഭൂമിയില്‍ അടിച്ചേല്‍പ്പിക്കാനും താല്‍ക്കാലിക സാഹചര്യത്തില്‍ നിന്ന് അധിനിവേശത്തെ നിര്‍ബന്ധിത പരമാധികാരത്തിന്റെ സ്ഥിരസംവിധാനമാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് ഈ നടപടികളിലൂടെ ഇസ്രായില്‍ ചെയ്യുന്നതെന്ന് കോളനൈസേഷന്‍ ആന്റ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍ തലവനായ മന്ത്രി മുഅയ്യദ് ശഅബാന്‍ പറഞ്ഞു.
അതിനിടെ, ഇസ്രായില്‍ സേന വ്യാഴാഴ്ച തൂല്‍കറം, ജെനീന്‍, നബ്ലസ്, ബെത്ലഹേം, ഹെബ്രോണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് 20 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ റാമല്ലയുടെ വടക്കുള്ള ആബൂദ് ഗ്രാമത്തില്‍ നിന്നുള്ള ഒരു സ്ത്രീയും മകനും ഉള്‍പ്പെടുന്നു. ഇതോടെ വര്‍ഷാരംഭം മുതല്‍ ഇസ്രായില്‍ അറസ്റ്റ് ചെയ്ത് ജയിലുകളില്‍ അടച്ച ഫലസ്തീന്‍ സ്ത്രീകളുടെ എണ്ണം അഞ്ചായി. ആകെ വനിതാ തടവുകാരുടെ എണ്ണം 52 ആയി. റാമല്ല നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള റാസ് കര്‍ക്കര്‍ പ്രദേശത്തിന് സമീപം തങ്ങളുടെ സൈന്യത്തിന് നേരെ വെടിവെപ്പ് നടന്നതായി അവകാശപ്പെട്ട് ഇസ്രായില്‍ സൈന്യം റാമല്ല ഗവര്‍ണറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളും പുറത്തേക്കുള്ള വഴികളും അടച്ചു. വിദേശ മാധ്യമ സംഘത്തോടൊപ്പം പ്രദേശം പരിശോധിക്കുന്നതിനിടെ റാമല്ലയുടെ പടിഞ്ഞാറ് അല്‍ശബാബ് പ്രദേശത്തു നിന്ന് ഏതാനും മാധ്യമപ്രവര്‍ത്തകരെ സൈന്യം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.



