തെഹ്‌റാന്‍ – ആണവ പദ്ധതി പുനരാരംഭിച്ചാല്‍ ഇറാനെതിരെ പുതിയ സൈനിക നടപടികള്‍ക്കുള്ള സാധ്യതക്ക് ഇസ്രായില്‍ തയാറെടുക്കുകയാണെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്സൈറ്റ് ആക്സിയോസ് വെളിപ്പെടുത്തി. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പച്ചക്കൊടി കാണിച്ചേക്കുമെന്ന് ഇസ്രായില്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഇന്നലെ വൈകീട്ട് വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്‍ ആണവ പ്രശ്നം ചര്‍ച്ച ചെയ്തു. പുതിയ സൈനിക ആക്രമണങ്ങള്‍ ആരംഭിക്കുന്നതിന് ന്യായീകരിക്കാവുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയുന്നതിനൊപ്പം ഇറാനുമായുള്ള ചര്‍ച്ചകളുടെ ഭാവി സംബന്ധിച്ച് യു.എസ് പ്രസിഡന്റുമായി ധാരണയിലെത്താന്‍ നെതന്യാഹു ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ട്രംപ് ഭരണകൂടം ഇറാനെതിരെ പുതിയ ഇസ്രായേലി ആക്രമണങ്ങളെ പിന്തുണച്ചേക്കുമെന്ന ധാരണയോടെയാണ് നെതന്യാഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ റോണ്‍ ഡെര്‍മര്‍ അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ തകര്‍ന്ന ആണവ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യാനോ മുമ്പ് അമേരിക്ക തകര്‍ത്ത സമ്പുഷ്ടീകരണ സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനോ ഇറാന്‍ ശ്രമിച്ചാല്‍ ഇസ്രായില്‍ ഇറാനില്‍ വീണ്ടും ആക്രമണം നടത്തും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ റോണ്‍ ഡെര്‍മര്‍ കഴിഞ്ഞ ആഴ്ച യു.എസ് വൈസ് പ്രസിഡന്റ് ജയ് ഡി. വാന്‍സ്, വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ, വൈറ്റ് ഹൗസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചാല്‍ ഭാവിയില്‍ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത സൂചിപ്പിച്ച ട്രംപ് മേഖലയില്‍ പുതിയൊരു സംഘര്‍ഷം ഒഴിവാക്കാന്‍ ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇറാനുമായി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പിലെത്താനുള്ള ആഗ്രഹം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാന്റെ പക്കലുള്ള ഉയര്‍ന്ന അളവില്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെ കുറിച്ച് അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഡെര്‍മര്‍ ചര്‍ച്ച ചെയ്തു. 60 ശതമാനം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ട്. പൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടില്ലാത്ത മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഈ ശേഖരം ഇപ്പോഴുമുള്ളതായി ഇസ്രായില്‍, യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും സ്ഥിതി കൃത്യമായി വിലയിരുത്താന്‍ നിലവില്‍ കഴിയില്ലെന്ന്, തിങ്കളാഴ്ച സംപ്രേഷണം ചെയ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. യുറേനിയം നീക്കം ചെയ്യുന്നതിന്റെയോ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന്റെയോ സൂചനകള്‍ കണ്ടെത്താന്‍ യു.എസ്, ഇസ്രായിലി രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം, ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ശ്രമിച്ച് മിഡില്‍ ഈസ്റ്റിലേക്കുള്ള അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് വരും ദിവസങ്ങളില്‍ നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്ലോയില്‍ ഇറാന്‍ വിദേശമന്ത്രി അബ്ബാസ് അറാഖ്ജിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വന്തം മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ഇറാനെ അനുവദിക്കരുതെന്ന തത്വത്തില്‍ ഭാവിയിലെ ആണവ ചര്‍ച്ചകളില്‍ ഉറച്ചുനില്‍ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് റോണ്‍ ഡെര്‍മര്‍ ഇസ്രായില്‍ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു.