ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരാതിർത്തികളിൽ കാട്ടുതീ പടരുന്നു. ഇതേത്തുടർന്ന് ലോസ് ആഞ്ചലസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
30,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു. തീ പടരുന്ന ദിശയിൽ 13,000 കെട്ടിടങ്ങളും 10,000 വീടുകളുമുണ്ട്. മൂന്നു കാട്ടുതീയാണു റിപ്പോർട്ട് ചെയ്തത്.
സിനിമാതാരങ്ങളടക്കം സെലിബ്രിറ്റികൾ താമസിക്കുന്ന പസഫിക് പാലിസേഡ് പ്രദേശത്ത് 20 ഏക്കറിൽ ആരംഭിച്ച കാട്ടുതീ അതിവേഗം 3000 ഏക്കറിലേക്കു പടർന്നു. ആൽട്ടഡേന, സിൽമാർ പ്രദേശങ്ങളിലായി രണ്ടു കാട്ടുതീയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വരണ്ട കാലാവസ്ഥയും അതിവേഗത്തിലുള്ള കാറ്റും തീപടർത്തുന്നു. 1400 അഗ്നിശമനസേനാംഗങ്ങൾ രംഗത്തുണ്ടെങ്കിലും തീ അണയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയില്ല.
പസഫിക് പാലിസേഡിൽ ഹോളിവിഡ് അഭിനേതാക്കളായ ടോം ഹാങ്ക്സ്, ജെന്നിഫർ ആനിസ്റ്റൺ, റീസ് വിതർസ്പൂൺ തുടങ്ങിയവർക്ക് വസതികളുണ്ട്.
തന്നെ ഒഴിപ്പിച്ചുമാറ്റിയതായി ഇവിടെ താമസിക്കുന്ന യൂജീൻ ലെവി എന്ന നടൻ അറിയിച്ചു. മറ്റൊരു നടനായ സ്റ്റീവ് ഗുട്ടെൻബെർഗ് രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.