ന്യൂയോർക്ക്- ചിക്കാഗോയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ശൌചാലയത്തിൽ മാലിന്യങ്ങൾ കുടുങ്ങി പ്രവർത്തന രഹിതമായതിനെ തുടന്ന് യാത്ര പാതി വഴിയിൽ അവസാനിപ്പിച്ച് തിരിച്ചിറക്കി. എയര്‍ ഇന്ത്യ എ.ഐ126 വിമാനമാണ് തിരിച്ചിറക്കിയത്.
യാത്ര തുടങ്ങി രണ്ട് മണിക്കൂറോളം പിന്നിട്ടപ്പോഴാണ് ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടത്. തുടർന്ന് ജീവനക്കാർ 12 ശൗചാലയങ്ങളില്‍ നടത്തിയ പരിശോധനയിൽ എട്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. പോളിത്തീന്‍ ബാഗുകള്‍, തുണിത്തരങ്ങള്‍ എന്നിവയാണ് കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചു. യൂറോപ്യന്‍ വിമാനത്താവളങ്ങളിലെ രാത്രികാല സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാൽ വിമാനം തിരിച്ച് ചിക്കാഗോയിൽ തന്നെ ഇറക്കുകയായിരുന്നു.
യാത്രക്കാരുടെ സൗകര്യങ്ങളും സുരക്ഷയും കണക്കിലെടുത്താണ് തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു”ഷിക്കാഗോയില്‍ എത്തിയ ശേഷം യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസ, യാത്രാ സൗകര്യം നല്‍കിയതായി കമ്പനി പറഞ്ഞു.
എയര്‍ ഇന്ത്യ വിമാനത്തിന്റെ ശൗചാലയത്തില്‍ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കണ്ടെത്തുന്നത് ആദ്യമായിട്ടല്ലെന്ന് വക്താവ് ചൂണ്ടിക്കാട്ടി. പുതപ്പുകള്‍, അടിവസ്ത്രങ്ങള്‍, ഡയപ്പറുകള്‍, എന്നിവ മറ്റ് വിമാനങ്ങളിലെ ശൗചാലയങ്ങളില്‍ നിന്ന് മുമ്പും കണ്ടെത്തിയിട്ടുണ്ട്.