വാഷിങ്ടണ്‍– മുന്‍ എഫ്.ബി.ഐ മേധാവി ജെയിംസ് കോമി സമൂഹമാധ്യമത്തില്‍ 8647 എന്ന് സംഖ്യ അടയാളപ്പെടുത്തിയ ചിത്രം പോസ്റ്റ് ചെയ്തതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍. ട്രംപ് അനുകൂലികള്‍ പ്രസിഡന്റിനെതിരായ ഒളിഞ്ഞ ഭീഷണിയായി പോസ്റ്റ് വ്യാഖ്യാനിച്ചതോടെ വന്‍വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.
ട്രംപിന്റെ ആദ്യഭരണകാലത്ത് പുറത്താക്കപ്പെട്ട ജയിംസ് കോമി റിപ്പബ്ലിക്കരില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും കടുത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പോസ്റ്റ് നീക്കെ ചെയ്തു.
ബീച്ച് നടത്തത്തിനിടയില്‍ കണ്ട മനോഹരമായ ചിത്രം എന്ന അടിക്കുറിപ്പോടെ ചിപ്പികള്‍ അടുക്കി വെച്ച് 8647 എന്നെഴുതിയ ചിത്രമാണ് ജയിംസ് കോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി ഉദ്യോഗസ്ഥരും ട്രംപിന്റെ അനുകൂലികളും ഇത് പ്രസിഡന്റിനെ വധിക്കാനുള്ള ആഹ്വാനമാണെന്ന് ആരോപിച്ചു.
86 എന്നത് യു.സില്‍ സാധാരണയായി ഒരാളെ പുറത്താക്കാന്‍ അല്ലെങ്കില്‍ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന ഭാഷയാണെന്നും 47 എന്നത് പ്രസിഡന്റായ ട്രംപിനെ സൂചിപ്പിക്കുന്ന ഒരു കോഡായും വ്യാഖ്യാനിച്ചു. രണ്ട് സംഖ്യകളും ചേര്‍ത്തുകൊണ്ട് ചില ട്രംപ് അനുകൂലികള്‍ ഈ സന്ദേശം ട്രംപിനെ വധിക്കുന്നതായി വ്യാഖ്യാനിച്ചു. ട്രംപിന്റെ കടുത്ത വിമര്‍ശകനായ ജയിംസ് കോമി ചിത്രം ഒരു ഭീഷണിയായി വ്യാഖ്യാനിക്കപ്പെടുമെന്ന് താന്‍ മനസിലാക്കിയില്ലെന്നും പോസ്റ്റ് നീക്കം ചെയ്‌തെന്നും വ്യക്തമാക്കി.
മുന്‍ എഫ്.ബി.ഐ ഡയറക്ടര്‍ തന്റെ പിതാവിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് ആരോപിച്ച് ടൊണാള്‍ഡ് ട്രംപ് ജൂനിയറാണ് പോസ്റ്റ് ആദ്യം ചൂണ്ടിക്കാണിച്ചത്. ഹോംലാന്‍ഡ് സെക്യൂരിട്ടി ക്രിസ്റ്റി നോം ഉള്‍പ്പെടെയുള്ള നിരവധി ട്രംപ് ഭരണകൂട ഉദ്യോഗസ്ഥന്‍ അന്യേഷണം ആവശ്യപ്പെട്ടു.