സന്‍ആ – ദക്ഷിണ യെമനിലെ അബ്‌യന്‍ ഗവര്‍ണറേറ്റിന്റെ തീരത്ത് ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് 68 എത്യോപ്യന്‍ കുടിയേറ്റക്കാര്‍ കൊല്ലപ്പെടുകയും 74 പേരെ കാണാതാവുകയും ചെയ്തതായി യു.എന്‍ മൈഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. അബ്‌യന്‍ തീരത്ത് പ്രാദേശിക ജലാതിര്‍ത്തിയില്‍ 154 എത്യോപ്യന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നെന്ന് യെമനിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ മിഷന്‍ തലവനായ അബ്ദുസ്സത്താര്‍ ഇസ്‌യൂഫ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
12 കുടിയേറ്റക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. 54 പേരുടെ മൃതദേഹങ്ങള്‍ തിരമാലകള്‍ ഖന്‍ഫാര്‍ ജില്ലയുടെ തീരത്തെത്തിച്ചു. മറ്റ് 14 മൃതദേഹങ്ങള്‍ മറ്റൊരു സ്ഥലത്ത് കണ്ടെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായും അബ്ദുസ്സത്താര്‍ ഇസ്‌യൂഫ് പറഞ്ഞു.
അബ്‌യന്‍ ഗവര്‍ണറേറ്റിന്റെ തീരം ലക്ഷ്യമാക്കി ബോട്ട് നീങ്ങുകയായിരുന്നുവെന്നും കുടിയേറ്റക്കാരെ കടത്തുന്ന ബോട്ടുകള്‍ പ്രദേശത്ത് തുടര്‍ച്ചയായി എത്തുന്നുണ്ടെന്നും ഇത് ആവര്‍ത്തിച്ചുള്ള സുരക്ഷാ, മാനുഷിക വെല്ലുവിളികള്‍ക്ക് കാരണമാകുന്നതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ആഫ്രിക്കന്‍ മുനമ്പില്‍ നിന്ന് വന്ന കള്ളക്കടത്ത് ബോട്ടില്‍ യെമനില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച എത്യോപ്യക്കാരായ നിരവധി അനധികൃത കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി സുരക്ഷാ സേന വലിയ ശ്രമങ്ങള്‍ തുടരുകയാണെന്ന് അബ്‌യന്‍ സുരക്ഷാ വകുപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ ബീച്ചുകളില്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി. കടലില്‍ കാണാതായ നിരവധി പേര്‍ ഇനിയും ഉണ്ടെന്ന് ഇത് സൂചിപ്പിക്കുന്നതായി അബ്‌യന്‍ സുരക്ഷാ വകുപ്പ് പറഞ്ഞു.
2014 മുതല്‍ യെമനില്‍ സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും രാജ്യം ഇപ്പോഴും അനധികൃത കുടിയേറ്റത്തിന്, പ്രത്യേകിച്ച് എത്യോപ്യയില്‍ നിന്നുള്ളവര്‍ക്ക് ഒരു ലക്ഷ്യസ്ഥാനമാണ്. ജിബൂത്തിയെ യെമനില്‍ നിന്ന് വേര്‍തിരിക്കുന്ന ബാബ് അല്‍മന്ദബ് കടലിടുക്ക് വഴി കുടിയേറ്റക്കാര്‍ അപകടകരമായ കടല്‍ മാര്‍ഗം സ്വീകരിക്കുന്നു. അന്താരാഷ്ട്ര വ്യാപാരത്തിനും അനധികൃത കുടിയേറ്റത്തിനും മനുഷ്യക്കടത്തിനും ഈ കടലിടുക്ക് ഒരു പ്രധാന ക്രോസിംഗ് പോയിന്റാണ്.
ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യെമനില്‍ കുടുങ്ങിക്കിടക്കുന്നതായി ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടെ അവര്‍ വിവിധ തരത്തിലുള്ള ചൂഷണത്തിനും ദുരുപയോഗത്തിനും വിധേയരാകുന്നു. 2024 ല്‍ ഏകദേശം 60,900 അനധികൃത കുടിയേറ്റക്കാര്‍ യെമനില്‍ എത്തിയതായി സംഘടന കണക്കാക്കുന്നു. യെമനില്‍ നിന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ നുഴഞ്ഞുകയറുകയാണ് ചെയ്യുന്നത്.