തെല്‍അവീവ് – ജൂണ്‍ 13 ന് ഇറാനില്‍ ആക്രമണം ആരംഭിച്ച ശേഷം ഇറാന് ആക്രമണങ്ങളില്‍ ഇസ്രായിലില്‍ 24 പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അന്വേഷിക്കുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ഓപ്പറേഷന് റൈസിംഗ് ലയണ്‍ ആരംഭിച്ച ശേഷം 24 പേര് കൊല്ലപ്പെടുകയും 1,272 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ് – പ്രസ്താവന പറഞ്ഞു.
ജൂണ്‍ 15 ന് തെല്‍അവീവിന് തെക്കുള്ള ബാറ്റ് യാമില്‍ ഇറാന് മിസൈല്‍ ആക്രമണത്തില്‍ മരിച്ച ഒരാളുടെ കൂടി പേരുവിവരങ്ങള്‍ നഗരസഭ അറിയിച്ചതോടെ ബാറ്റ് യാം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇര്ക്ക് പുറമേ, വടക്കന്‍ ഇസ്രായിലിലെ തംറയില്‍ നാലു പേരും ഹൈഫായില്‍ മൂന്നു പേരും പെറ്റാ ടിക്വയില് നാലു പേരും റിഷോണ്‍ ലെസിയോണില്‍ രണ്ടു പേരും റാമത് ഗാനില്‍ ഒരാളും ബ്നെയ് ബ്രാക്കില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
ഇറാന് ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 9,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചതായി ഇസ്രായിലി സൈനിക സ്രോതസ്സ് അറിയിച്ചു. ഇറാനില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 400 ലധികം പേര് കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഇറാന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.