ലണ്ടന്‍ – ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഡസന്‍ കണക്കിന് എം.പിമാര്‍ അടക്കം 220 ലേറെ ബ്രിട്ടീഷ് എം.പിമാര്‍ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇത് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് മേലുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചു. സെപ്റ്റംബറില്‍ ചേരുന്ന യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ വെച്ച് ഫ്രാന്‍സ് ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാര്‍ ഒപ്പിട്ട കത്താണ് ഫലസ്തീന്‍ രാഷ്ട്രത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ആദ്യത്തെ ജി-7 രാജ്യവും ഏറ്റവും ശക്തമായ യൂറോപ്യന്‍ രാജ്യവുമായിരിക്കും ഫ്രാന്‍സ്. മാക്രോണിന്റെ പ്രഖ്യാപനത്തെ ഇസ്രായിലും അമേരിക്കയും അപലപിച്ചു.
ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തോടുള്ള എതിര്‍പ്പ് വളര്‍ന്നുവരുന്നതിന്റെയും ഉപരോധത്തിലുള്ള ഗാസയില്‍ കൂട്ടപട്ടിണി പിടിമുറുക്കമെന്ന ഭീതിയുടെയും സാഹചര്യത്തില്‍, ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ സ്റ്റാര്‍മറിനു മേല്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും സമ്മര്‍മുണ്ട്. ജൂലൈ 28-29-ന് ന്യൂയോർക്കിൽ ഫ്രാൻസും സൗദി അറേബ്യയും സംയുക്തമായി നടത്തുന്ന യു.എൻ. സമ്മേളനത്തിൽ ബ്രിട്ടൻ ഫലസ്തീനെ അംഗീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാക്ഷാല്‍ക്കരിക്കാനുള്ള ശേഷി ബ്രിട്ടനില്ലെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, ഫലസ്തീന്‍ രാഷ്ട്രത്തെ യുണൈറ്റഡ് കിംഗ്ഡം ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇക്കാര്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യ-വലതു കണ്‍സര്‍വേറ്റീവുകളും സെന്‍ട്രിസ്റ്റ് ലിബറല്‍ ഡെമോക്രാറ്റുകളും സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും പ്രാദേശിക പാര്‍ട്ടികളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നുള്ള, കത്തില്‍ ഒപ്പുവെച്ച എം.പിമാര്‍ ബ്രിട്ടന്റെ ചരിത്രപരമായ ബന്ധങ്ങളും ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അംഗത്വവും 1917 ലെ ബാല്‍ഫോര്‍ പ്രഖ്യാപനത്തിലൂടെ ഇസ്രായില്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ ബ്രിട്ടന്‍ വഹിച്ച പങ്കും ചൂണ്ടിക്കാട്ടി. 1980 മുതല്‍ നമ്മള്‍ ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിട്ടുണ്ട്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഈ നിലപാട് ശക്തിപ്പെടുത്തുകയും ഫലസ്തീന്‍ ജനതയോടുള്ള നമ്മളുടെ ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്യും – എം.പിമാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണക്കുന്ന നിലപാട് ബ്രിട്ടീഷ് സര്‍ക്കാര്‍ അചഞ്ചലമായി നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള സാഹചര്യങ്ങള്‍ നിലവില്‍ പാകമായിട്ടില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറയുന്നു. മേഖലയില്‍ സമാധാനത്തിലേക്കുള്ള പാത കണ്ടെത്താന്‍ താന്‍ പ്രവര്‍ത്തിക്കുന്നതായി, ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഫ്രഞ്ച്, ജര്‍മന്‍ പ്രധാനമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് ആ നടപടികളില്‍ ഒന്നായിരിക്കണം. അതേകുറിച്ച് അവ്യക്തതയില്ല. പക്ഷേ, അത് ഒരു വിശാലമായ പദ്ധതിയുടെ ഭാഗമായിരിക്കണമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അസ്വസ്ഥനാക്കുന്നത് ഒഴിവാക്കാനുള്ള ആഗ്രഹം ഉള്‍പ്പെടെ ഈ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് കെയര്‍ സ്റ്റാര്‍മറെ തടയുന്ന നിരവധി ഘടകങ്ങളുണ്ട്. ജൂലൈ ആദ്യം സ്വകാര്യ കത്തിലൂടെ 60 ഓളം ലേബര്‍ എം.പിമാര്‍ വിദേശ മന്ത്രി ഡേവിഡ് ലാമിയോട് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ മാസം ബ്രിട്ടനില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശന വേളയിലും ഫ്രഞ്ച് പ്രസിഡന്റ് ഈ വിഷയം ഉന്നയിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന ഔപചാരിക പ്രഖ്യാപനത്തില്‍ ഫ്രാന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടനെ ഫ്രഞ്ച് പ്രസിഡന്റ് പരസ്യമായി പ്രേരിപ്പിച്ചു.