ഗാസ: ഗാസയില്‍ ആസന്നമായ അതിരൂക്ഷമായ പട്ടിണിയെ കുറിച്ച് അന്താരാഷ്ട്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തിര റിലീഫ് വസ്തുക്കള്‍ എത്തിയില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരണപ്പെടുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കി. കടുത്ത അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായി വളരെ കുറച്ച് ഭക്ഷ്യവസ്തുക്കള്‍ ഗാസയില്‍ പ്രവേശിപ്പിക്കാന്‍ മാത്രമാണ് ഇസ്രായില്‍ അനുവദിച്ചിരിക്കുന്നതെന്നും ഇത് ഒന്നിനും തികയില്ലെന്നും യു.എന്‍ ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് മേധാവി ടോം ഫ്‌ളെച്ചര്‍ പറഞ്ഞു.
അതേസമയം, ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്കുള്ള ഇസ്രായില്‍ പ്രതിനിധി സംഘത്തെ ഖത്തറില്‍ നിന്ന് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ഇസ്രായില്‍ പത്രമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസുമായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇസ്രായില്‍ സംഘത്തെ പിന്‍വലിക്കുന്നതിനെ കുറിച്ച് നെതന്യാഹു ആലോചിക്കുന്നത്. ഗാസയില്‍ വെടിനിര്‍ത്തലിനും തടവുകാരെയും ബന്ദികളെയും കൈമാറാനുമുള്ള പുതുക്കിയ നിര്‍ദേശം അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇസ്രായിലിനും ഹമാസിനും കൈമാറിയതായും അത് അംഗീകരിക്കാന്‍ ഇരുപക്ഷത്തിനും മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇസ്രായിലില്‍ നിന്നും ഹമാസില്‍ നിന്നുമുള്ള ചര്‍ച്ചാ സംഘങ്ങള്‍ നിലവില്‍ ദോഹയിലാണെങ്കിലും, വിറ്റ്‌കോഫിന്റെ നിര്‍ദേശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മറ്റു മാര്‍ഗങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രിയുമായും അദ്ദേഹത്തിന്റെ ഉപദേഷ്ടാവായ റോണ്‍ ഡെര്‍മറുമായും വിറ്റ്‌കോഫ് നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും ഇടനിലക്കാരന്‍ വഴി ദോഹയിലെ ഹമാസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. 45 മുതല്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി പത്തു ഇസ്രായിലി ബന്ദികളെ മോചിപ്പിക്കുക, ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് പുതിയ ഓഫറില്‍ ഉള്‍പ്പെടുന്നത്. ഇത് മുന്‍ ഓഫറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഈ വെടിനിര്‍ത്തല്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന വിശാലമായ പ്രക്രിയക്ക് തുടക്കം കുറിക്കുമെന്ന് പുതിയ ഓഫര്‍ പറയുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനായി ഈജിപ്തുമായും അമേരിക്കയുമായും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായി ഖത്തര്‍ ഇന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇസ്രായില്‍ ബോംബാക്രമണം സമാധാന സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നതായും ഖത്തര്‍ പറഞ്ഞു.
സൈനിക നടപടികള്‍ നിര്‍ത്തിവെക്കാനും ഗാസയിലേക്ക് തടസ്സമില്ലാതെ റിലീഫ് വസ്തുക്കള്‍ അനുവദിക്കാനുമുള്ള അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിച്ചിട്ടും ഗാസയില്‍ ഇസ്രായില്‍ ശക്തമായ ബോംബാക്രമണം തുടരുകയാണ്. ഇന്ന് മാത്രം ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ കുറഞ്ഞത് 50 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ച ശേഷം ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 53,486 ആയി. രണ്ടു മാസത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിന് ശേഷം മാര്‍ച്ച് 18 ന് ഇസ്രായില്‍ ആക്രമണങ്ങളും സൈനിക നടപടികളും പുനരാരംഭിച്ച ശേഷം കുറഞ്ഞത് 3,340 പേര്‍ കൊല്ലപ്പെട്ടു.
ഗാസയിലെ പുതിയ സൈനിക നടപടി നിര്‍ത്തിവെച്ചില്ലെങ്കിലും ഗാസയില്‍ റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കിലും ശക്തമായ നടപടിയെടുക്കുമെന്ന് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഇന്നലെ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മേലുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചു. ഗാസ മുനമ്പില്‍ പുതിയ സൈനിക നടപടി ആരംഭിച്ചതായി ഇസ്രായില്‍ സൈന്യം വെള്ളിയാഴ്ച അറിയിച്ചിരുന്നു.
ഗാസയിലെ ഇസ്രായില്‍ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇസ്രായിലുമായുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുകയും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാര്‍ക്ക് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2023 ഒക്‌ടോബര്‍ മുതല്‍ യുദ്ധം തുടരുന്നതിനിടെ, ഉപരോധിക്കപ്പെട്ട ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും വിപുലീകരിച്ച സൈനിക നടപടികള്‍ക്കും മറുപടിയായി തന്റെ മന്ത്രാലയം ഇസ്രായില്‍ അംബാസഡര്‍ സിപ്പി ഹട്ടോവെലിയെ വിളിച്ചുവരുത്തിയതായി ബ്രിട്ടീഷ് വിദേശ മന്ത്രി ഡേവിഡ് ലാമി അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ബ്രിട്ടന്റെ പ്രഖ്യാപനത്തെ ഇസ്രായില്‍ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുകയും നിലവിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചര്‍ച്ചകളില്‍ ഒരു പുരോഗതിയും കൈവരിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തു. ഈ കരാര്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുമായിരുന്നെന്ന് ഇസ്രായില്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാര്‍ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കാന്‍ തയാറാണെങ്കില്‍, അത് അവരുടെ മാത്രം തീരുമാനമാണ്. വെസ്റ്റ് ബാങ്കിലെ ഇസ്രായിലി കുടിയേറ്റക്കാര്‍ക്കെതിരായ ബ്രിട്ടന്റെ ഉപരോധങ്ങളെ ഇസ്രായില്‍ വിമര്‍ശിച്ചു. ഈ തീരുമാനം ന്യായീകരിക്കാനാവാത്തതും ഖേദകരവുമാണെന്ന് ഇസ്രായില്‍ വിശേഷിപ്പിച്ചു.