ഗാസ – കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 425 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പിന് വടക്കുപടിഞ്ഞാറുള്ള ന്യൂ ക്യാമ്പ് പ്രദേശത്തെ ജലവിതരണ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ ഫലമായി ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നുസൈറാത്തിലെ അല്‍ഔദ ആശുപത്രി റിപ്പോര്‍ട്ട് ചെയ്തു.
ഗാസ സിറ്റിക്ക് തെക്ക് ഭാഗത്തുള്ള സ്വബ്‌റ പ്രദേശത്തെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റില്‍ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള അല്‍ശാത്തി അഭയാര്‍ഥി ക്യാമ്പിലെ വീട് ലക്ഷ്യമിട്ട് ഇസ്രായിലി വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
മധ്യ ഗാസയിലെ നുസൈറാത്തിന് തെക്ക് വീട് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ മവാസിയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച തമ്പില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടു – ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറഞ്ഞു. മധ്യഗാസയിലെ സൂഖില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടര്‍ അടക്കം 17 പേര്‍ രക്തസാക്ഷികളായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച ഗാസയിലുടനീളം 150 ലേറെ ലക്ഷ്യങ്ങളില്‍ വ്യോമസേന ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ അംഗത്തെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെയുണ്ടായ സാങ്കേതിക തകരാറിന്റെ ഫലമായാണ് മധ്യഗാസയിലെ ന്യൂ ക്യാമ്പ് പ്രദേശത്തെ ജലവിതരണ കേന്ദ്രത്തില്‍ മാരകമായ ആക്രമണം ഉണ്ടായതെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇന്ന് (ഞായറാഴ്ച) മധ്യ ഗാസയില്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ തീവ്രവാദിയെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തുകയായിരുന്നു. എന്നാല്‍ വെടിമരുന്നിലെ സാങ്കേതിക തകരാറുമൂലം ഷെല്‍ ഉദ്ദേശിച്ച ലക്ഷ്യത്തില്‍ നിന്ന് ഡസന്‍ കണക്കിന് മീറ്റര്‍ അകലെ പതിക്കുകയായിരുന്നു. സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി പ്രദേശത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സിവിലിയന്മാര്‍ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചതില്‍ സൈന്യം ഖേദം പ്രകടിപ്പിച്ചു.
2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇതുവരെ ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 58,026 ആയും പരിക്കേറ്റവരുടെ എണ്ണം 1,38,520 ആയും ഉയര്‍ന്നു. മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ച ശേഷം മാത്രം 7,450 പേര്‍ രക്തസാക്ഷികളാവുകയും 26,479 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഒന്നര മാസത്തിനിടെ 833 പേര്‍ കൊല്ലപ്പെടുകയും 5,400 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ റിലീഫ് വിതരണ കേന്ദ്രങ്ങളില്‍ 28 പേര്‍ കൊല്ലപ്പെടുകയും 180 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.