അബൂദാബി– ജപ്പാനിലെ പ്രശസ്ത ടീ മാസ്റ്റർ എന്ന പദവിയിലറിയപ്പെടുന്ന ഡോ.സെൻ ഗെൻഷിറ്റ്സു വിടവാങ്ങി. 102-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. വിദ്യാഭ്യാസവും സാംസ്കാരിക സംഭാഷണവും വഴി ലോകത്ത് സമാധാനം പ്രോത്സാഹിപ്പിച്ച മഹാനായ വ്യക്തിയായിരുന്നു സെൻ ഗെൻഷിറ്റ്സു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ജാപ്പനീസ് ടീ മാസ്റ്ററും സമാധാന പ്രചാരകനുമായ ഡോ. സെൻ ഗെൻഷിറ്റ്സുവിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. 2025 ഓഗസ്റ്റ് 14-ന് അന്തരിച്ച സെൻ ഗെൻഷിറ്റ്സുവിനെക്കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരിക സംവാദത്തിലൂടെയും സമാധാനത്തിന്റെ ശക്തനായ വക്താവായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു.
“പരമ്പരാഗത ജാപ്പനീസ് ടീ ചടങ്ങുകളിലൂടെ തന്റെ സമാധാന സന്ദേശം പങ്കുവെച്ച്, മനുഷ്യരാശിക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഡോ. സെൻ പ്രധാന പങ്കുവഹിച്ചു,” പ്രസിഡന്റ് പറഞ്ഞു. “അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻ ഗെൻഷിറ്റ്സുവിന്റെ ജീവിതം
യുവാവായിരിക്കെ കമികസേ പൈലറ്റായി പരിശീലനം നേടിയ സെൻ, രണ്ടാം ലോകയുദ്ധം അവസാനിച്ചതോടെ പിന്നീട്, ലോകമെമ്പാടും സഞ്ചരിച്ച്, ലോകനേതാക്കൾക്ക് മാച്ച ടീ തയ്യാറാക്കി നൽകിയും, “ഒരു കപ്പ് ചായിലൂടെ സമാധാനം” എന്ന തന്റെ മുദ്രാവാക്യം പ്രചരിപ്പിച്ചും അദ്ദേഹം സമാധാന സന്ദേശം പങ്കുവെച്ചു. “ഒരു കപ്പ് ചായ മനസ്സിനെ ശാന്തമാക്കുന്നു. എല്ലാവരും ശാന്തരായാൽ യുദ്ധം ഉണ്ടാകില്ല,” എന്ന് അദ്ദേഹം പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ഓർഡൈൻഡ് സെൻ ബുദ്ധ സന്യാസിയായിരുന്ന അദ്ദേഹം. 1964-ൽ പിതാവിന്റെ മരണത്തോടെ ഉരാസെൻകെ ടീ പാരമ്പര്യത്തിന്റെ 15-ാം തലമുറ ഗ്രാൻഡ് മാസ്റ്ററായി. 2025 ഏപ്രിലിൽ 102-ാം വയസ്സിലും, 100-ലധികം സാംസ്കാരിക-സർക്കാർ ഉപദേശക പദവികൾ വഹിക്കുകയും പ്രസംഗങ്ങൾ നടത്തുകയും ചെയ്തതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശൈഖ് മുഹമ്മദുമായുള്ള ബന്ധം
2008-ൽ അബുദാബിയിൽ സെൻ ഒരു പരമ്പരാഗത ടീ ചടങ്ങ് സംഘടിപ്പിച്ചു. 2009-ൽ, അന്ന് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദിന്, ‘റ്യോകു-സുയി-ആൻ’ എന്ന ജാപ്പനീസ് ടീ ഹൗസ് സമ്മാനിച്ചു. എമിറേറ്റ്സ് പാലസിൽ നിർമ്മിച്ച ഈ ടീ ഹൗസ്, യുഎഇ-ജപ്പാൻ സൗഹൃദത്തിന്റെ പ്രതീകമാണെന്ന് ഉരാസെൻകെ ടാങ്കോകായ് അബുദാബി അസോസിയേഷൻ വ്യക്തമാക്കി. സെൻ ഈ ചടങ്ങിൽ മാച്ച ടീ തയ്യാറാക്കി ശൈഖ് മുഹമ്മദുമായി പങ്കുവെച്ചു, കൂടാതെ ടീ ഹൗസിന്റെ പേര് അറബിയിൽ കാലിഗ്രഫി ചെയ്ത് ഒപ്പുവെച്ചതായും ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.