കയ്‌റോ – കയ്റോയിലെ ഫിഫ്ത്ത് സെറ്റില്‍മെന്റ് ഏരിയയില്‍ പ്രിന്റിംഗ് പ്രസ്സ് ഉടമയെയും ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ പഴുതടച്ച നീക്കങ്ങളിലൂടെയും ഊര്‍ജിതമായ അന്വേഷണത്തിലൂടെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ പ്രതി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വിശദമായ കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ടയാള്‍ വീട്ടില്‍ പണവും സ്വര്‍ണ്ണക്കട്ടികളും സൂക്ഷിച്ചതായി തനിക്ക് അറിയാമായിരുന്നുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനാല്‍ അയാളെയും കുടുംബത്തെയും കൊലപ്പെടുത്തി അവ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നും പ്രതി അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു.
ഇരയെ തന്ത്രപൂര്‍വം തന്റെ കാറില്‍ കയറ്റി ഐന്‍ സുഖ്ന റോഡിലെ വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം സ്ഥിരീകരിച്ച ശേഷം ഇരയുടെ അപാര്‍ട്ട്‌മെന്റിന്റെ താക്കോലുകള്‍ കൈക്കലാക്കി. തുടര്‍ന്ന് ഐന്‍ സുഖ്ന റോഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡിന് പിന്നില്‍ മൃതദേഹം ഉപേക്ഷിച്ചു.
തുടര്‍ന്ന് താന്‍ ഇരയുടെ താമസസ്ഥലത്തെത്തി ഭാര്യയുമായി ബന്ധപ്പെടുകയും ഭര്‍ത്താവ് വാഹനാപകടത്തില്‍ പെട്ടതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിച്ചു. പിന്നീട് യുവതിയെയും രണ്ട് പെണ്‍മക്കളെയും കൂട്ടി ഭാര്യയുടെ കാറില്‍ ആശുപത്രിയിലേക്കെന്ന വ്യാജേന പുറപ്പെടുകയും മാര്‍ഗമധ്യേ മൂവരെയും വെടിവെച്ചുകൊല്ലുകയായിരുന്നെന്നും പ്രതി പറഞ്ഞു. തുടര്‍ന്ന് മൃതദേഹങ്ങളുള്ള കാറുമായി കുടുംബത്തിന്റെ അപാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് മടങ്ങി. ഇരകളുടെ മൃതദേഹങ്ങളുള്ള യുവതിയുടെ കാര്‍ വീടിനടുത്ത് ഉപേക്ഷിച്ച്, കാര്‍ മൂടിയിട്ടു. തുടര്‍ന്ന് നേരത്തെ മോഷ്ടിച്ച് കൈക്കലാക്കിയ താക്കോലുകള്‍ ഉപയോഗിച്ച് ഇരയുടെ അപാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനെ കണ്ടതിനാല്‍ മോഷണത്തിന് കഴിഞ്ഞില്ല. പിന്നീട് തിരിച്ചെത്തി സെക്യൂരിറ്റി ജീവനക്കാരന്റെ കണ്ണില്‍ പെടാതെ അകത്തുകയറി അപാര്‍ട്ട്‌മെന്റില്‍ കവര്‍ച്ച നടത്തായിരുന്നു പദ്ധതി. പക്ഷേ, അപ്പോഴേക്കും പോലീസ് വലയിലാവുകയായിരുന്നെന്നും പ്രതി പറഞ്ഞു.
ഫിഫ്ത്ത് സെറ്റില്‍മെന്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന, പ്രിന്റിംഗ് പ്രസ് ഉടമയായ തന്റെ സഹോദരനെ കാണാതായെന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അറിയിച്ച് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടുംബ വീടിനു സമീപം മൂടിയിട്ട നിലയിലുള്ള കാറിനകത്ത് ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ തീവ്രമായ അന്വേഷണങ്ങളിലൂടെയും വിവരശേഖരണത്തിലൂടെയും, സുരക്ഷാ വകുപ്പുകള്‍ക്ക് കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. ഇയാള്‍ ഇരയുടെ സുഹൃത്താണെന്ന് തെളിഞ്ഞു. പ്രതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധം പോലീസ് പിടിച്ചെടുത്തു.
ഉസാമ നസീഫ്, ഭാര്യ അമല്‍ സഅദ് റിയാദ് (43 വയസ്സ്), പെണ്‍മക്കളായ ഹെലന്‍ (16 വയസ്സ്), ലിലിയന്‍ (14 വയസ്സ്) എന്നിവരാണ് നിഷ്ഠൂരമായി കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി നാലംഗ കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് കൂടിയായ, സര്‍വീസില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് കുറ്റവാളി. ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് രണ്ടായിരം ഡോളര്‍ (ഏകദേശം 1,00,000 ഈജിപ്ഷ്യന്‍ പൗണ്ട്) കണക്കാക്കിയ തുകയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.







