തെൽ അവീവ് ∙ ഫലസ്തീൻ അതോറിറ്റിയിലേക്കുള്ള ഓസ്ട്രേലിയൻ പ്രതിനിധികളുടെ വിസ റദ്ദാക്കിയതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൻ സാഅർ അറിയിച്ചു. സെപ്റ്റംബറിൽ നടക്കുന്ന യു.എൻ. ജനറൽ അസംബ്ലിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഓസ്ട്രേലിയയുടെ തീരുമാനവും തീവ്ര വലതുപക്ഷ ഇസ്രയേലി നേതാവ് സിംച റോത്ത്മാന്റെ വിസ റദ്ദാക്കിയതും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇസ്രയേലിലെ ഓസ്ട്രേലിയൻ അംബാസഡറെ തീരുമാനം അറിയിച്ചതായും കാൻബറയിലെ ഇസ്രയേൽ എംബസിയോട് ഓസ്ട്രേലിയൻ ഔദ്യോഗിക വിസ അപേക്ഷകൾ കർശനമായി പരിശോധിക്കാൻ നിർദേശിച്ചതായും സാഅർ എക്സിൽ പോസ്റ്റ് ചെയ്തു.
ഓസ്ട്രേലിയയിലെ ജൂത സമുദായത്തിനുള്ള പ്രസംഗ പരിപാടിക്കായി പോകാൻ റോത്ത്മാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ റോത്ത്മാന്റെ വിസ റദ്ദാക്കി. “വിദ്വേഷവും വിഭജനവും പ്രചരിപ്പിക്കാൻ ഓസ്ട്രേലിയയിലേക്ക് വരുന്നവരെ ഞങ്ങൾ സ്വീകരിക്കില്ല,” ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്ക് പ്രസ്താവനയിൽ പറഞ്ഞു.
റോത്ത്മാന്റെ വിസ റദ്ദാക്കാനുള്ള തീരുമാനത്തെ സെമിറ്റിസത്തിനെതിരായ നഗ്നമായ ശത്രുത എന്ന് ഓസ്‌ട്രേലിയന്‍ ജ്യൂവിഷ് സൊസൈറ്റി സി.ഇ.ഒ റോബര്‍ട്ട് ഗ്രിഗറി വിശേഷിപ്പിച്ചു. ജൂതന്മാര്‍ക്കും ജൂത സ്ഥാപനങ്ങള്‍ക്കുമെതിരെ ഓസ്‌ട്രേലിയയില്‍ അക്രമം നടക്കുന്നുണ്ടെന്നും ഓസ്ട്രേലിയ വിദ്വേഷം വളര്‍ത്തുന്നുവെന്നും സാഅര്‍ ആരോപിച്ചു.
2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിന് ശേഷം ആരംഭിച്ച ഗാസ യുദ്ധം ലോകവ്യാപകമായി ഫലസ്തീൻ അനുകൂല നിലപാടുകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള നീക്കം പ്രഖ്യാപിച്ചിട്ടുണ്ട്.