ഈ വർഷം ഡിസംബറിൽ ബഹിരാകാശത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഇന്ത്യ. ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനിന്റെ ഭാഗമായി ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങുന്നു.
മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ സഹായിക്കുന്നതിനായി ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടാണ് വ്യോംമിത്ര. നൂതന സെൻസറുകൾ, ശബ്ദം തിരിച്ചറിയാനുള്ള സംവിധാനങ്ങൾ, തീരുമാനമെടുക്കൽ എന്നീ സംവിധാനങ്ങളുള്ള സെമി ഹ്യൂമനോയിഡ് റോബോട്ടാണിത്. മനുഷ്യസമാനമായ ഭാവങ്ങൾ, സംസാരം, ബുദ്ധിശക്തി എന്നിവയാണ് ഈ വനിത റോബോട്ടിൻ്റെ പ്രത്യേകതകൾ. ഫ്ലൈറ്റ് അനലിസ്റ്റ് എന്ന ചുമതലയും കൂടെ നൽകിയാണ് മനുഷ്യന് പകരം റോബോട്ടിനെ അയക്കുന്നത്.
2020ന്റെ തുടക്കത്തിൽതന്നെ വ്യോംമിത്രയെ പറ്റിയുള്ള വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന റോബോട്ടിന് ക്രൂ മോഡ്യൂളിനുള്ളിലെ ഡിസ്പ്ലെകളും കമാന്റുകളും വായിക്കാനും ദൗത്യത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും കഴിയും. ഗഗൻയാൻ ദൗത്യത്തിൽ കൺട്രോൾ പാനലുകൾ പ്രവർത്തിപ്പിക്കുകയും ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നടത്തുകയും ചെയ്യുക എന്നതാണ് വ്യോംമിത്രയുടെ പ്രധാന ദൗത്യം. കൂടാതെ, പേടകത്തിലെ താപനില, ഈർപ്പം, ഓക്സിജൻ എന്നിവയുടെ അളവ് നിരീക്ഷിക്കുകയും തത്സമയം വിവരങ്ങളുടെ അപ്ഡേറ്റുകൾ നൽകുകയും ചെയ്യും.
വ്യോംമിത്ര വെറുമൊരു റോബോട്ട് മാത്രമല്ല. തദ്ദേശീയവും മനുഷ്യനിർമിതവുമായ ബഹിരാകാശ സാങ്കേതികവിദ്യയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെ കൂടിയാണ് ഈ വനിത പ്രതിനിധാനം ചെയ്യുന്നത്.