ജിദ്ദ: വീടുകളിൽനിന്ന് പുറത്തുപോകാതെ വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാൻ അനുവദിക്കുന്ന ‘ഡോപ്പിൾ’ എന്ന പുതിയ ആപ്പ് ഗൂഗിൾ പുറത്തിറക്കി. കൃത്രിമബുദ്ധി (എ.ഐ.) ഉപയോഗിച്ച് ഉപയോക്താക്കളുടെ ശരീരരൂപവും ചലനവും അനുകരിക്കുന്ന ഡിജിറ്റൽ മോഡലിലൂടെ വസ്ത്രങ്ങൾ എങ്ങനെ കാണപ്പെടുമെന്ന് ഡോപ്പിൾ കൃത്യമായി ദൃശ്യവൽക്കരിക്കുന്നു. സ്റ്റിൽ ചിത്രങ്ങളെ യാഥാർഥ്യസമാനമായ വീഡിയോകളാക്കി മാറ്റാനും ഈ ആപ്പിന് കഴിയും. വാങ്ങുന്നതിന് മുമ്പ് ഫീഡ്ബാക്കിനായി ഈ വീഡിയോകൾ മറ്റുള്ളവരുമായി പങ്കിടാനും ഉപയോക്താക്കൾക്ക് സാധിക്കും.
ഗൂഗിൾ ഷോപ്പിംഗിന്റെ വെർച്വൽ ട്രൈ-ഓൺ ഫീച്ചറിന്റെ തുടർച്ചയാണ് ഡോപ്പിൾ. സ്ക്രീൻഷോട്ടുകളോ സാധാരണ ഫോട്ടോകളോ ഉപയോഗിച്ച് വസ്ത്രങ്ങൾ പരീക്ഷിക്കാൻ ഈ ആപ്പ് പുതിയ സാധ്യതകൾ ചേർക്കുന്നു. സ്റ്റോറുകളിൽനിന്നോ, സുഹൃത്തുക്കളിൽനിന്നോ, സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നോ എടുത്ത വസ്ത്രങ്ങളുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് ഏത് വസ്ത്രവും എവിടെനിന്നും പരീക്ഷിക്കാൻ ഡോപ്പിൾ അനുവദിക്കുന്നുവെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ, ആപ്പ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും വലുപ്പമോ സൂക്ഷ്മവിശദാംശങ്ങളോ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.
നിലവിൽ അമേരിക്കയിലെ ആൻഡ്രോയിഡ്, ഐ.ഒ.എസ്. ഉപകരണങ്ങളിൽ മാത്രമാണ് ഡോപ്പിൾ ലഭ്യമായിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല. ആപ്പ് ഉപയോഗിക്കാൻ പൂർണശരീര (നഗ്നമല്ലാത്ത) ഫോട്ടോ അപ്ലോഡ് ചെയ്യണം.
ഓട്ടോമേറ്റഡ് ശുപാർശകൾ, വ്യക്തിഗതമാക്കിയ ബ്രൗസിങ്, ഉൽപ്പന്ന വില ട്രാക്കിങ് എന്നിവ വാഗ്ദാനം ചെയ്യുന്ന എ.ഐ. മോഡ് സെർച്ച് എൻജിന്റെ വികസനത്തിനുശേഷം, ഷോപ്പിങ് അനുഭവത്തിൽ കൃത്രിമബുദ്ധി സമന്വയിപ്പിക്കുന്നതിൽ ഗൂഗിളിന്റെ ശ്രദ്ധ വർധിച്ചുവരുന്നതിന്റെ തെളിവാണ് ഡോപ്പിൾ. ഡിജിറ്റൽ ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്കും, സ്റ്റോറുകൾ സന്ദർശിക്കാതെ വിൽപ്പനക്കാരുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ആപ്പ് ജനപ്രിയമാകുമെന്നാണ് പ്രതീക്ഷ.