ആധാർ അപ്ഡേറ്റ് ചെയ്യാനായി ഇനി അക്ഷയകളിലും ആധാർ സേവാ കേന്ദ്രങ്ങളിലും കയറി ഇറങ്ങണ്ട. ആധാർ സംബന്ധമായ സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ ഇ ആധാർ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) വികപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ നിലവിൽ വന്നാൽ ഇനി വീട്ടിലിരുന്ന് തന്നെ ആധാർ അപ്ഡേറ്റ് ചെയ്യാം.
വ്യക്തിഗത വിവരങ്ങളായ പേര്, ഫോൺ നമ്പർ, അഡ്രെസ്സ് എന്നിവ ഈ മൊബൈൽ ആപ്പ് വഴി സ്വന്തമായി തന്നെ എഡിറ്റ് ചെയ്യാം. എ ഐയുടെയും ഫേസ് റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചാണ് പുതിയ ആപ്പ് യുഐഡിഎഐ വികസിപ്പിക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗം പോലെയുള്ള തട്ടിപ്പുകൾ പരമാവധി ഒഴിവാക്കുക എന്നതാണ് ഈ ആപ്പിന്റെ ഉദ്ദേശം. ഉപയോക്താക്കൾക്ക് വളരെ ലളിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാത്രമല്ല നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കും.
ആധാർ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക എന്നത് മാത്രമല്ല, നിശ്ചിത സർക്കാർ പോർട്ടലുകളിൽ നിന്ന് നമുക്കാവശ്യമായ മറ്റു ഡാറ്റകൾ ശേഖരിക്കാനും ഈ ആപ്പ് സഹായിക്കും. ഇതിൽ ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ നിന്നുള്ള റേഷൻ കാർഡുകൾ, എംഎൻആർഇഞിഎ പദ്ധതിയിൽ നിന്നുള്ള രേഖകൾ എന്നിവ ഉൾപ്പെടും. ഈ വർഷം അവസാനത്തോടെ മൊബൈൽ ആപ്ലിക്കേഷൻ എത്തും.