വാഷിങ്ടണ്‍ – 50 വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്രദൗത്യത്തിന് വീണ്ടുമൊരുങ്ങുകയാണ് നാസ. ആർട്ടെമിസ് 2 ദൗത്യത്തിൻ്റെ ഭാഗമായാണ് നാലു യാത്രികരെ ചന്ദ്രനരികിലേക്ക് കൊണ്ടുപോകുക. 10 ദിവസം നീളുന്ന ദൗത്യം 2026 ഫെബ്രുവരിയിലായിരിക്കുമെന്ന് നാസ അറിയിച്ചു. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും മനുഷ്യനെ അയച്ചിരുന്നില്ല. യൂജിൻ എ സെർനാൻ, റൊണാൾഡ് ഇവാൻസ്, ഹാരിസൺ ഷ്മിറ്റ് എന്നിവരടങ്ങിയ ക്രൂ ആണ് അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്നത്.
നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയിലെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻലനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. ചന്ദ്രനിൽ നേരിട്ടിറങ്ങാത്ത ദൗത്യത്തിൽ ചന്ദ്രന്റെ ഉപരിതലത്തെ ചുറ്റിപ്പറന്നുകൊണ്ടുള്ള ദൗത്യമാണ് നടക്കുക. റോക്കറ്റിന്റെയും ബഹിരാകാശ വാഹനത്തിന്റെയും സംവിധാനങ്ങൾ പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യം പഠിക്കും.
2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിൻ്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയിരുന്നു. 2027 ലാണ് ആർട്ടെമിസ് 3 ദൗത്യം നാസ നടത്താനിരിക്കുന്നത്. ഇതിൽ മനുഷ്യനെ അയച്ച് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.