വാട്‌സ്ആപ്പിന് ഒരു പുതിയ എതിരാളിയായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മെസ്സേജിങ് ആപ്പ്. ആപ്പ് സ്റ്റോറുകളിൽ വാട്ട്സാപ്പിനെ കടത്തിവെട്ടി ഒന്നാം സ്ഥാനം പിടിച്ചുപറ്റിയിരിക്കുകയാണ് ‘അറട്ടൈ’. തമിഴിൽ ചാറ്റ് എന്ന് അർത്ഥമുള്ള വാക്കാണ് അറട്ടൈ. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ് വെയർ കമ്പനിയായ സോഹോ കോര്‍പ്പറേഷനാണ് ഈ ആപ്പ് വികസിപ്പിച്ചത്. 2021 ലാണ് അറട്ടൈ പുറത്തിറക്കിയതെങ്കിലും ഹിറ്റായത് ഇപ്പോഴാണ്.
കേന്ദ്ര മന്ത്രിമാരടക്കം സോഷ്യൽ മീഡിയയിൽ നൽകിയ പിന്തുണയാണ് അറട്ടൈയുടെ ഉപയോഗം കുത്തനെ ഉയരാൻ കാരണം. വാട്ട്സാപ്പ് പോലുള്ള വൻകിട ആപ്പുകൾ എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന കാര്യങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിരിക്കുന്ന സാഹചര്യത്തിലാണ് അറട്ടൈയുടെ ഈ നേട്ടം. സ്‌പൈവെയറുകളില്ലാത്ത, ഇന്ത്യന്‍ നിര്‍മിത മെസഞ്ചര്‍ എന്നാണ് അറട്ടൈ നല്‍കുന്ന വാഗ്ദാനം. വാട്ട്സാപ്പിനെയും മറ്റു മെസ്സേജിങ് അപ്പുകളെയും പോലെയുള്ള അടിസ്ഥാന ഫീച്ചറുകൾ തന്നെയാണ് അറട്ടൈയുടേതും. വ്യക്തിഗത-ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ വീഡിയോ കോളുകൾ, ചാനൽ, സ്റ്റാറ്റസ് എന്നിങ്ങനെ നമുക്ക് ഉപയോഗിച്ച് പരിചിതമായ എല്ലാ കാര്യങ്ങളും അറട്ടൈയിലുമുണ്ട്.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും ഉപയോക്താക്കളുടെ സ്വകാര്യതയ്ക് പൂര്‍ണമായി പ്രതിജ്ഞാബദ്ധരാണെന്നും സോഹോ ഉറപ്പുനല്‍കുന്നുണ്ട്. കുറഞ്ഞ ഇന്‍റര്‍നെറ്റ് വേഗതയിലും പഴയ സ്മാർട്ട് ഫോണുകളിലും പോലും നന്നായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്.
എന്നാൽ ഈ വിജയത്തിനിടയിൽ ചില വെല്ലുവിളികൾ അറട്ടൈ നേരിടുന്നുണ്ട്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വര്‍ധന ആപ്പിന്റെ സെര്‍വറുകള്‍ താങ്ങുന്നില്ല. സൈന്‍-അപ്പ് ചെയ്യുന്നതിനും ഒ.ടി.പി ലഭിക്കുന്നതിനും സന്ദേശങ്ങള്‍ സിങ്ക്രണൈസ് ചെയ്യുന്നതിനും ഉപയോക്താക്കൾ കാലതാമസം നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവരുമെന്നും സെർവറുകൾ വികസിപ്പിക്കാൻ കഠിനമായി പരിശ്രമിക്കുകയാണെന്നും കമ്പനി എക്സിൽ അറിയിച്ചു.



