കാലിഫോർണിയ: ആപ്പിളിന്റെ ഐഫോൺ 17 സീരീസ് ലോഞ്ച് ഇവന്റ് സെപ്റ്റംബർ 9-ന് കുപെർട്ടിനോയിലെ ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10:30-ന് ആരംഭിക്കുന്ന പരിപാടി ആപ്പിൾ വെബ്‌സൈറ്റ്, യൂട്യൂബ് ചാനൽ, ആപ്പിൾ ടിവി ആപ്പ് എന്നിവയിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഐഫോൺ 17 സീരീസിനൊപ്പം എയർപോഡ്‌സ് പ്രോ 3, ആപ്പിൾ വാച്ച് സീരീസ് 11, വാച്ച് അൾട്രാ 3, എസ്ഇ 3, ആപ്പിൾ ടിവി 4K, ഹോംപോഡ് 3 എന്നിവയും അവതരിപ്പിക്കും. iOS 26-ന്റെ ഔദ്യോഗിക റിലീസും ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും ഇതിനൊപ്പം പ്രതീക്ഷിക്കുന്നു.
നാല് മോഡലുകൾ ഉൾപ്പെടുന്നതാണ് ഐഫോൺ 17 സീരീസ്: ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ്.
പ്ലസ് മോഡലിന് പകരമുള്ള അൾട്രാ-സ്ലിം വേരിയന്റായിരിക്കും ഐഫോൺ 17 എയർ, 5.5 മില്ലിമീറ്റർ കട്ടി മാത്രമുള്ള ആപ്പിളിന്റെ ഏറ്റവും നേർത്ത ഐഫോൺ ആയി ഇത് മാറും. എ19 (സ്റ്റാൻഡേർഡ്, എയർ) അല്ലെങ്കിൽ എ19 പ്രോ (പ്രോ, പ്രോ മാക്‌സ്) ചിപ്പുകൾ ഉപയോഗിക്കുന്ന ഈ മോഡലുകൾ മികച്ച പ്രകടനവും ഊർജ്ജ കാര്യക്ഷമതയും വാഗ്ദാനം ചെയ്യും. പ്രീ-ഓർഡറുകൾ സെപ്റ്റംബർ 12-ന് ആരംഭിക്കും, വിൽപ്പന 19-ന് തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ
ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് ഡിസൈനിൽ കാര്യമായ മാറ്റമുണ്ടാകും, പ്രത്യേകിച്ച് പിൻഭാഗത്തെ ബാർ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ. 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 24 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ, 120 ഹെർട്‌സ് പ്രോമോഷൻ ഡിസ്‌പ്ലേ എന്നിവ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ആയിരിക്കും.