ന്യൂയോർക്ക്– ഫുട്‌ബോൾ ലോകം കാത്തിരുന്ന ആ കലാശ പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. ഇത്തവണത്തെ ക്ലബ് വേൾഡ് കപ്പ് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതു തന്നെയാണ്. മുമ്പൊക്കെ ഓരോ വൻകരകളിൽ നിന്നായി ഓരോ ടീമുകളെ മാത്രം പങ്കെടുപ്പിച്ചിരുന്ന ഈ ടൂർണമെന്റ് , ഫിഫ വിപുലീകരിച്ച് ഒരുപാട് ടീമുകളെ അണിനിരത്തി വലിയ രീതിയിലേക്ക് മാറ്റുകയുണ്ടായി. ഇനി നാലു വർഷങ്ങൾക്കു ശേഷമേ ക്ലബ് വേൾഡ് കപ്പ് സംഭവിക്കുകയുള്ളു എന്നതും ഈ ടൂർണമെന്റ് നേടാനുള്ള ടീമുകളുടെ വാശിയും വീറും വർദ്ധിപ്പിക്കും
ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും. പി.എസ്.ജി കന്നിക്കിരീടം ലക്ഷ്യമിടുമ്പോൾ, ചെൽസി രണ്ടാമത്തെ കിരീടത്തിനായ് നോട്ടമിട്ടിരിക്കുകയാണ്.
ക്ലബ് ചരിത്രത്തിലെ മികച്ച ഫോമിലൂടെയാണ് പി.എസ്.ജി ലോകകപ്പ് ഫൈനലിൽ എത്തുന്നത്. ഫ്രഞ്ച് ലീഗിൽ, ചാമ്പ്യൻസ് ലീഗിൽ, ക്ലബ് ലോകകപ്പിൽ എല്ലായിടത്തും അതിസംഘടിത പ്രകടനം. ഗ്രൂപ്പ് ഘട്ടത്തിൽ ബോട്ടാഫോഗോയോട് മാത്രം തോറ്റിട്ടുണ്ടെന്നൊഴിച്ചാൽ തുടർന്നുള്ള എല്ലാ മത്സങ്ങളും ആധിപത്യമുറപ്പിച്ചാണ് വിജയിച്ചത്.
തന്ത്രശാലിയായ പരിശീലകൻ ലൂയി എൻറിക്കെയുടെ നേതൃത്വത്തിൽ താരശേഷിയിലുപരി ടീമായുള്ള പ്രകടനം ആണ് പി.എസ്.ജിയുടെ ശക്തി. ഒസുമാനെ ഡെംബലേ, ഖ്വിച്ച ക്വാറസ്‌ഖേലിയ, ഡിസെയ്‌ർ ഡുവെ എന്നിവരുടെ മുന്നേറ്റശക്തി ഭീഷണിയാകുന്നു. ഫാബിയൻ റൂസ്, വിറ്റീന്യ, ജാവോ നവാസ് എന്നിവർ മധ്യനിരയിലെ ഭടന്മാർ. അഷ്റഫ് ഹക്കീമി, നൂനോ മെൻഡസ് എന്നിവരുടെ വിങ് പ്‌ളേയും, മാർക്വിനോസ് നയിക്കുന്ന പ്രതിരോധം, ഗോൾ വല കാക്കാൻ ഡൊണ്ണറുമ്മയുടെ ഉറപ്പുമെല്ലാം പി.എസ്.ജിയെ അതിജീവന ശക്തിയുള്ള ടീമാക്കി മാറ്റുന്നു. പി.എസ്ജിക്ക് കിരീടം നേടാനായാൽ ബാലൻഡിയോർ ഡെമ്പെലെക്ക് ലഭിക്കുമെന്നതാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.
2021-ൽ ക്ലബ് ലോകകപ്പ് നേടിയ ചെൽസി, രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുകയാണ്. 2012-ൽ റണ്ണറപ്പ് സ്ഥാനത്തുമുണ്ടായിരുന്ന ഇംഗ്ലീഷ് ക്ലബ്, ഈ വർഷം നോക്കൗട്ട് ഘട്ടങ്ങളിൽ വലിയ എതിരാളികളില്ലാതെ മുന്നേറുകയായിരുന്നെങ്കിലും ഓരോ ഘട്ടത്തിലും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്‌ചവെച്ചത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഫ്ളമെംഗോയോട് തോറ്റെങ്കിലും പിന്നീടുള്ള കളികളിൽ ചെൽസി സ്വയം തിരുത്തിയതാണ്. ബ്രസീലിയൻ താരം ജാവോ പെഡ്രോയുടെ ഇരട്ടഗോളോടെ സെമിയിൽ വിജയിച്ച ചെൽസിക്ക് പെട്രോ നെറ്റോ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരാണ് മുന്നേറ്റത്തിന്റെ കരുത്ത്. മധ്യനിരയിൽ എൻസോ ഫെർണാണ്ടസിന്റെ നേതൃത്വം, മോസ് കെയ്സാഡോയും കോൾ പാൽമറും ചേർന്ന് കളം നിറയ്ക്കുന്നു.
ഫൈനലിൽ പി.എസ്.ജിയുടെ അതിവേഗ അക്രമണത്തെ ചെൽസിയുടെ പ്രതിരോധം എത്രത്തോളം താങ്ങാനാകുമെന്നത് ആസ്വാദകരുടെ കാത്തിരിപ്പാണ്. കിരീടം നേടുന്നുണ്ടെങ്കിൽ പി.എസ്.ജിക്ക് അത് ചരിത്രത്തിലെ ആദ്യ ക്ലബ് ലോകകപ്പ് ആവും. ചെൽസിക്ക് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമുള്ള രണ്ടാം കിരീടം.