റിയാദ്: റയലിന്റെ നിലവിലെ ജീവനാഡിയാണ് ബ്രസീലിയന്‍ ഫോര്‍വേഡ് വിനീഷ്യസ് ജൂനിയര്‍. താരം റയലിലെത്തിയത് മുതല്‍ അവര്‍ക്ക് തിരഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടുത്തിടെയുള്ള റയലിന്റെ ഷെല്‍ഫിലെ കിരീടങ്ങള്‍ക്കെല്ലാം ആരാധകര്‍ കടപ്പെട്ടിരിക്കുന്നത് വിനിയോടാണ്. റയലിന്റെ പൊന്‍മുട്ടയിടുന്ന താറാവിനെ റാഞ്ചാന്‍ സൗദി ഭീമന്‍മാരെത്തിയതാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലോക റെക്കോഡ് തുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ അഹ്ലി വിനീഷ്യസിനായി മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ബില്ല്യണ്‍ യൂറോയാണ് സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡെലഗേഷന്‍ ബ്രസീലിയന്‍ താരത്തിനായി മുന്നോട്ട് വച്ചത്.
സൗദിയുടെ ഓഫര്‍ റയല്‍ തള്ളിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഓഫറിനെ കുറിച്ച് റയല്‍ നിരീക്ഷിച്ച് വരികയാണ്. എന്നാല്‍ വിനീഷ്യസിന് സൗദിയില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരം ഔദ്ദ്യോഗികമായി സൗദിയുടെ ഓഫര്‍ നിരസിച്ചിട്ടില്ല.2034 ഫിഫാ ലോകകപ്പിന് വേദിയാവാന്‍ ഇരിക്കുന്ന സൗദിക്ക് ഏത് വിധേനെയും വിനീഷ്യസിനെ പോലുള്ള താരങ്ങളെ ടീമിലെത്തിച്ച് സൗദി ഫുട്‌ബോളിന് കരുത്ത് പകരണമെന്നാണ് ലക്ഷ്യം. അതിനായി എത്ര തുക മുടക്കാനും സൗദി ഒരുക്കമാണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അല്‍ നസറിലെത്തിച്ച് സൗദി പുതിയ ഫുട്‌ബോള്‍ വിപ്ലവത്തിന് തുടക്കമിട്ടിരുന്നു. തുടര്‍ന്നുള്ള സീസണുകളില്‍ യൂറോപ്പിലെ ഒന്നാം നമ്പര്‍ ലീഗുകളില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങളെയും സൗദി പ്രോ ലീഗിലെ വിവിധ ക്ലബ്ബുകള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ സൗദി പ്രൊ ലീഗിന് വന്‍ ആരാധകരുണ്ട്. വിനീഷ്യസിനെ കൂടി സൗദിയിലെത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ക്ലബ്ബുകള്‍.
2018ലാണ് വിനീഷ്യസ് റയലില്‍ എത്തിയത്. നിലവിലെ ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ ബ്രസീലിന്റെ അല്‍ ഹിലാല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ പേരിലാണ്. 2017ല്‍ ആണ് നെയ്മര്‍ റെക്കോഡ് തുകയ്ക്ക് ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ സീസണിലാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. പരിക്കിനെ തുടര്‍ന്ന് നെയ്മറിന് കഴിഞ്ഞ സീസണില്‍ കളിക്കാനായിരുന്നില്ല.