കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യമത്സരത്തില്‍ സന്ദര്‍ശകരെ എറിഞ്ഞിട്ട് ഇന്ത്യ. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സില്‍ ഒതുക്കി. ക്യാപ്റ്റന്‍ ജോഷ് ബട്ലര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. 44 പന്തില്‍ നിന്ന് ബട്ലര്‍ 68 റണ്‍സ് എടുത്തു.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റും അര്‍ഷ് ദീപ്, അക്ഷര്‍ പട്ടേല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. പത്തോവര്‍ എത്തും മുന്‍പ് തന്നെ അവര്‍ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു. . ഫില്‍ സാള്‍ട്ടും ലിയാം ലിവിങ്സ്റ്റണും പൂജ്യത്തിന് പുറത്തായി. ബെന്‍ ഡെക്കെറ്റ് നാലും ഹാരി ബ്രൂക്ക് പതിനേഴും റണ്‍സെടുത്താണ് മടങ്ങിയത്. ഷമിക്ക് പകരമാണ് അര്‍ഷ്ദീപ് സിങ് എത്തിയത്.
അക്ഷര്‍ പട്ടേല്‍ പട്ടേലിന് പുറമെ രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിച്ചു. സഞ്ജു സാംസണാണ് കീപ്പര്‍. 2024 ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയോട് തോറ്റുപുറത്തായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടംനേടി. അതിനുശേഷം ആദ്യമായാണ് ഇംഗ്ലണ്ട്-ഇന്ത്യ മുഖാമുഖം ഏറ്റുമുട്ടുന്നത്.