ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ബിഹാറുകാരന്‍ വൈഭവ് സൂര്യവംശി. വൈഭവിനെ ജിദ്ദയില്‍ നടന്ന ലേലത്തില്‍ സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സാണ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ 1.1 കോടി രൂപയ്ക്കാണ് സഞ്ജുവിന്റെ ടീം സ്വന്തമാക്കിയത്. വൈഭവിനായി രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വാശിയേറിയ ലേലംവിളിയാണ് നടന്നത്.
ബിഹാര്‍ സമസ്തിപുര്‍ സ്വദേശിയായ ഈ 13-കാരന്‍ ഈവര്‍ഷം ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. പട്നയില്‍ മുംബൈക്കെതിരെ ഇറങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. യുവരാജ് സിങ്ങിനും സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും മുന്‍പേ രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കാന്‍ വൈഭവിനായി. ഇരുവരും പതിനഞ്ച് വയസ്സിനുശേഷമാണ് രഞ്ജി കളിച്ചത്. അലിമുദ്ദീന്‍, (12 വര്‍ഷവും 73 ദിവസവും) എസ്.കെ.ബോസ് (12 വര്‍ഷവും 76 ദിവസവും) മുഹമ്മദ് റംസാന്‍ (12 വര്‍ഷവും 247 ദിവസവും) ആണ് വൈഭവിനേക്കാള്‍ ചെറിയ പ്രായത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചവര്‍.
പിന്നീട് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടിയും വൈഭവ് ഇറങ്ങി. 62 പന്തില്‍ നിന്ന് 104 റണ്‍സെടുത്ത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. അന്ന് പതിമൂന്ന് വര്‍ഷവും 188 ദിവസവുമായിരുന്നു വൈഭവിന് പ്രായം. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനായി അന്ന് വൈഭവ്. യൂത്ത് ക്രിക്കറ്റിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അന്ന് വൈഭവ് നേടിയത്.