ഓള്‍ഡ്‌ട്രോഫോഡ്: പുതിയ കോച്ച് റൂബന്‍ അമോറിമിന് കീഴില്‍ എളുപ്പം മുന്നേറാമെന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ധാരണ തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നോട്ടിങ്ഹാം ഫോറസ്റ്റിനോട് 3-2ന്റെ തോല്‍വിയാണ് യുനൈറ്റഡ് നേരിട്ടത്. 30 വര്‍ഷത്തിന് ശേഷമാണ് നോട്ടിങ്ഹാം യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ്ട്രാഫോഡില്‍ ജയിക്കുന്നത്.
74,000ത്തോളം ആളുകള്‍ തിങ്ങിനിറഞ്ഞ ഓള്‍ഡ്ട്രാഫോഡില്‍ മികച്ച മല്‍സരത്തിനാണ് സാക്ഷ്യം വഹിച്ചത്.മിലന്‍കോവിച്ച്(2), ഗിബ്‌സ് വൈറ്റ്(47), വുഡ് (54) എന്നിവരാണ് നോട്ടിങ്ഹാമിനായി സ്‌കോര്‍ ചെയ്തത്. ഹൗയിലൂണ്‍(18), ബ്രൂണോ ഫെര്‍ണാണ്ടസ്(61) എന്നിവരാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോളുകള്‍ നേടിയത്. ജയത്തോടെ നോട്ടിങ്ഹാം ഫോറസ്റ്റ് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി. തോല്‍വിയോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 13ാം സ്ഥാനത്തേക്ക് വീണു.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി.ജിറോണയ്‌ക്കെതിരേ മൂന്ന് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ജൂഡ് ബെല്ലിങ്ഹാം, ഗുലെര്‍, കിലിയന്‍ എംബാപ്പെ എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു.