ന്യൂഡല്‍ഹി: നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഇന്ത്യന്‍ ടീമില്‍ അഴിച്ച് പണിക്ക് സാധ്യത. സീനിയര്‍ താരങ്ങളെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കും. ആസന്നമായ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര രോഹിത് ശര്‍മ, വിരാട് കോഹ് ലി, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നി സീനിയര്‍ താരങ്ങളില്‍ കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും അവസാന ടൂര്‍ണമെന്റ് ആവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളിലും തോറ്റത് ബിസിസിഐ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. 1934ലാണ് ഇന്ത്യ അവസാനമായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഒരു ജയം പോലുമില്ലാതെ കൈവിടുന്നത്. ഒരു മല്‍സരം പോലും ജയിക്കാനാവാത്ത ടീമിനെതിരേ വന്‍ വിമര്‍ശനങ്ങളാണ് വരുന്നത്. ഈ പശ്ചാത്തലത്തില്‍ ബിസിസിഐ നേതൃത്വം മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റര്‍ രോഹിത് ശര്‍മ്മ എന്നിവരുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ടീമിനെ വീണ്ടും കരുത്തുറ്റതാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. പ്രായമായവരുടെ നിരയില്‍ മാറ്റം വരുത്തി ടീമിന് കൂടുതല്‍ യുവത്വം നല്‍കുന്നതിന് സ്വീകരിക്കേണ്ട മാറ്റങ്ങളും യോഗത്തില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍.
പരമ്പരയുടെ തോല്‍വിയിലെ പൂര്‍ണ്ണ ഉത്തരവാദിത്വം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ഏറ്റെടുത്തിരുന്നു.’ഓസ്ട്രേലിയന്‍ പരമ്പരയ്ക്ക് അപ്പുറത്തേയ്ക്ക് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല. അടുത്ത പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്, അത് ഓസ്‌ട്രേലിയയുമായാണ്. അതിനുശേഷം എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നതിനുപകരം ഞങ്ങള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,’ രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
‘നവംബര്‍ 10 ന് ടീം ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുന്നത് മുതല്‍ ടീം ഘടന പരിശോധിക്കും. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചതിനാല്‍ ഇപ്പോള്‍ മാറ്റം ഒന്നും ഉണ്ടാകില്ല. എന്നാല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍, അടുത്ത അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി യുകെയിലേക്ക് വിമാനം കയറുമ്പോള്‍ നാല് സൂപ്പര്‍ സീനിയര്‍മാരും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര ഇവര്‍ ഒരുമിച്ച് കളിച്ച അവസാന ടൂര്‍ണമെന്റാകാനും സാധ്യതയുണ്ട്.’- ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
അടുത്ത 10 വര്‍ഷത്തേക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന താരമായി വാഷിംഗ്ടണ്‍ സുന്ദര്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ശേഷം അശ്വിന്റെ ഭാവി ചര്‍ച്ചയാകാം. മികച്ച ഫിറ്റ്‌നസും വിദേശ ട്രാക്കുകളില്‍ മികച്ച ബാറ്റിങ്ങും ഉള്ള ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ പോലുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.