ന്യൂഡൽഹി– ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ഭാവി അനിശ്ചിതത്വത്തിൽ. നടത്തിപ്പുകാരായ ഫുട്ബാൾ സ്പോർട്‌സ് ഡെവലപ്മെൻ്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ 2025-26 സീസൺ അനിശ്ചിതമായി നീട്ടി. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാൾ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചു.
റിലയൻസ് ഗ്രൂപ് സ്റ്റാർ സംയുക്ത സംരംഭമാണ് എഫ്.എസ്.ഡി.എൽ. 2010ലാണ് ഫുട്ബാൾ ഫെഡറേഷനും എഫ്.എസ്.ഡി.എലും തമ്മിൽ 15 വർഷത്തേക്ക് മത്സര സംപ്രേഷണ കരാറിലെത്തിയിരുന്നത്. നിലവിലെ വ്യവസ്ഥകൾ പ്രകാരം പ്രതിവർഷം 50 കോടിയോ മൊത്തം വരുമാനത്തിന്റെ 20 ശതമാനമോ എഫ്.എസ്.ഡി.എൽ നൽകണം. പകരം സംപ്രേഷണാവകാശം ഉൾപ്പെടെ വാണിജ്യാവകാശങ്ങൾ കമ്പനിക്കാകും. സാമ്പത്തികനഷ്ടം നേരിട്ട ലീഗിൽ തങ്ങൾക്കു കൂടി യുക്തമായ കരാറിലെത്തണമെന്നാണ് എഫ്.എസ്.ഡി.എൽ ആവശ്യം. ഇതുസംബന്ധിച്ച ചർച്ചകൾക്ക് കമ്പനി വിവിധ ക്ലബ് ഉടമകളെ ബന്ധപ്പെട്ടിരുന്നു.
ഫുട്ബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട് കേസുകൾ തുടരുന്നതും പുതിയ ഭരണഘടന ഇനിയും സുപ്രീംകോടതി അംഗീകാരം നൽകാത്തതിനാൽ ഭാരവാഹികൾ പുതിയ കരാറിലെത്തുന്നതിന് വിലക്കുള്ളതുമാണ് വില്ലനാകുന്നത്.
സെപ്റ്റംബറിലാണ് ഐ.എസ്.എൽ നടക്കേണ്ടിയിരുന്നത്. ഐ.എസ്.എൽ ഉൾപ്പെടുത്താതെയാണ് നേരത്തേ എ.ഐ.എഫ്.എഫ് പുതിയ സീസൺ മത്സര കലണ്ടർ പുറത്തിറക്കിയത്. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കുകയാണ്. കരാർ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.
ഇന്ത്യൻ ഫുട്ബാളിന് ആഗോള മുഖം നൽകുകയെന്ന ലക്ഷ്യത്തോടെ 2014ലാണ് ഐ.എസ്.എൽ തുടങ്ങിയത്. 2019ൽ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഉയർത്തപ്പെട്ടു. കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിൽ പുതിയ ഹോൾഡിങ് കമ്പനി രൂപവത്‌കരിച്ച് ഐ.എസ്.എൽ നടത്താനാണ് എഫ്.എസ്.ഡി.എല്ലിന് താൽപര്യമെന്നും സൂചനയുണ്ട്. ഇതിൽ 60 ശതമാനം ഓഹരി പങ്കാളിത്തം ക്ലബുകൾക്കാവും. എഫ്.എസ്.ഡി.എൽ 26 ശതമാനവും ഫെഡറേഷന് 14 ശതമാനവുമാവും പങ്കാളിത്തം.
ഐഎസ്എൽ നടക്കുമെന്ന് ഉറപ്പില്ല, കേരള ബ്ലാസ്റ്റേഴ്സ് താരം ഹെസൂസ് ഹിമനെ ക്ലബ് വിട്ടു


കഴിഞ്ഞ സീസണിൽ ടീമിൻ്റെ ടോപ് സ്കോററായ സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമനെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു. ഇക്കുറി ഐഎസ്എൽ നടക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണു ഹിമനെ ടീം വിടുന്നത്. പോളണ്ടിലെ ക്ലബ്ബിലേക്കാണ് അദ്ദേഹം പോകുന്നത്.
ബ്ലാസ്‌റ്റേഴ്‌സുമായി ഒരു വർഷ കരാർ മാത്രമേ ബാക്കിയുള്ളൂ എന്നതും ഹിമനെയുടെ മടക്കത്തിനു കാരണമായി. ഒരു വർഷം മാത്രം കരാറുള്ള നോവ സദൂയി, ദുഷാൻ ലഗാതോർ എന്നിവരും ആശയക്കുഴപ്പത്തിലാണ്.