മാഡ്രിഡ്: ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളും കളിമൺ കോര്‍ട്ടിന്റെ രാജകുമാരനുമായ റഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബറില്‍ മലാഗയില്‍ നടക്കാനിരിക്കുന്ന ഡേവിസ് കപ്പ് ഫൈനല്‍സിന് ശേഷം വിരമിക്കുമെന്ന് താരം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ ചൂടിയ നദാല്‍, കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കുകളോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ്.
14 തവണ ഫ്രഞ്ച് ഓപ്പണില്‍ മുത്തമിട്ട നദാല്‍ റോളണ്ട് ഗാരോസില്‍ കളിച്ച 116 മത്സരങ്ങളില്‍ 112 എണ്ണം ജയിച്ചെന്നത് ടെന്നീസ് പ്രേമികളെ എല്ലാക്കാലവും അമ്പരപ്പിക്കും. ഫ്രഞ്ച് ഓപ്പണില്‍ റെക്കോഡ് നേട്ടം കരസ്ഥമാക്കിയ നദാല്‍ രണ്ട് തവണ വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ കിരീടങ്ങളും, നാല് തവണ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്.
പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ നഷ്ടമായ നദാല്‍, 2024 ല്‍ അദ്ദേഹത്തിന്റെ ഫേവറിറ്റ് ടൂര്‍ണമെന്റില്‍ ആദ്യ റൗണ്ട് പുറത്താകല്‍ നേരിട്ടു. അലക്‌സാണ്ടര്‍ സ്വരേവ് ആയിരുന്നു അന്ന് നദാലിനെ വീഴ്ത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദാല്‍ അവസാനമായി ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടിയത്. കളിമണ്‍ കോര്‍ട്ടിന്റെ രാജാവ് എന്നറിയപ്പെടുന്ന നദാലിന് 112-4 എന്ന കിടിലന്‍ ജയ-പരാജയ റെക്കോഡാണ് അവിടെയുള്ളത്.