ന്യുയോർക്ക്: ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം.
യു.എസിലെ മൂന്നും വെസ്റ്റിൻഡീസിലെ ആറും നഗരങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ന്യൂയോർക്, ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലായി 16 മത്സരങ്ങളും ആന്റിഗ്വ & ബർബുഡ, ബാർബഡോസ്, ഗ്രനാഡ, ഗയാന, സെന്റ് വിൻസന്റ്, ട്രിനിഡാഡ് & ടൊബാഗോ എന്നിവിടങ്ങളില്‍ 39 കളികളുമാണ് നടക്കുക.
കിരീടം തേടി നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് പോരിനിറങ്ങുന്നത്. യു.എസ്, പാപ്വന്യൂഗിനി, ഉഗാണ്ട ടീമുകള്‍ക്ക് ലോകകപ്പ് അരങ്ങേറ്റമാണ്.
പാകിസ്താനും അയർലൻഡും യു എസും കാനഡയുമടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങളെല്ലാം യു എസിലാണ്.
ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരെയാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ആദ്യ കളി. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്താൻ മത്സരം ജൂണ്‍ ഒമ്പതിന് ന്യൂയോർക്കിലാണ്.
ജൂണ്‍ രണ്ട് മുതല്‍ 18 വരെയാണ് ഗ്രൂപ് പോരാട്ടങ്ങള്‍. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സൂപ്പർ എട്ടില്‍ പ്രവേശിക്കും. സൂപ്പർ എട്ടില്‍ നാല് വീതം ടീമുകളുടെ രണ്ട് ഗ്രൂപ്പുകളുണ്ടാവും.
19 മുതല്‍ 25 വരെ സൂപ്പർ എട്ട് മത്സരങ്ങള്‍ നടക്കും. സൂപ്പർ എട്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലില്‍ ഇടം പിടിക്കും. സെമി മത്സരങ്ങള്‍ 27ന് ട്രിനിഡാഡ് & ടൊബാഗോയിലും ഗയാനയിലുമായി അരങ്ങേറും.
ജൂണ്‍ 29ന് രാത്രി ഇന്ത്യൻ സമയം എട്ടിന് ബാർബഡോസിലാണ്ഫൈനല്.