കോഴിക്കോട്: പ്രഥമ സൂപ്പര്‍ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്.സിക്ക്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മല്‍സരത്തില്‍ ഫോഴ്സ കൊച്ചി എഫ്.സിയെ 2-1ന് വീഴ്ത്തിയാണ് കാലിക്കറ്റിന്റെ പ്രഥമ കിരീടനേട്ടം.തോയി സിങ് (16), കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് (71) എന്നിവരാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. എക്സ്ട്രാ ടൈമില്‍ ഡോറിയല്‍ട്ടന്‍ ഗോമസിന്റെ വകയായിരുന്നു കൊച്ചിയുടെ ആശ്വാസ ഗോള്‍. 36,000ത്തോളം കാണികളാണ് ഫൈനല്‍ മത്സരം കാണാന്‍ കോഴിക്കോട് സ്റ്റേഡിയത്തില്‍ എത്തിയത്.
പതിനാലാം മിനിറ്റില്‍ തന്നെ കൊച്ചി താരം ഡോറിയല്‍ട്ടനെ ഫൗള്‍ ചെയ്തതിന് ഒലന് സിംഗിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. തൊട്ടടുത്ത മിനിറ്റില്‍ കാലിക്കറ്റിന്റെ ആദ്യ ഗോള്‍ പിറന്നു. മധ്യനിരയില്‍ നിന്ന് ഗനി നിഗം നീക്കിയിട്ട പന്ത് കെന്നഡി ഓടിപ്പിടിച്ച് ബോക്സിലേക്ക് മറിച്ചുനല്‍കി. കൃത്യം പൊസിഷന്‍ കീപ്പ് ചെയ്ത തോയ് സിംഗിന്റെ ഫസ്റ്റ് ടൈം ഫിനിഷ് കൊച്ചി പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
മുപ്പത്തിമൂന്നാം മിനിറ്റില്‍ പരിക്കേറ്റ ഗനി നിഗമിനെ പിന്‍വലിച്ച കാലിക്കറ്റ് ജിജോ ജോസഫിനെ കൊണ്ടുവന്നു. പിന്നാലെ ബെല്‍ഫോര്‍ട്ട് പായിച്ച ലോങ് റെയ്ഞ്ചര്‍ കൊച്ചി ഗോള്‍ കീപ്പര്‍ ഹജ്മല്‍ രക്ഷപ്പെടുത്തി. ആദ്യപകുതിയില്‍ കൊച്ചിയുടെ ഡോറിയല്‍ട്ടന്‍, കമല്‍പ്രീത് എന്നിവര്‍ക്കും കാലിക്കറ്റിന്റെ മുഹമ്മദ് റിയാസിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ നിജോ ഗില്‍ബര്‍ട്ട് മൂന്ന് എതിര് താരങ്ങളെ കബളിപ്പിച്ചു നടത്തിയ മുന്നേറ്റം കാലിക്കറ്റ് ഗോള്‍ കീപ്പര്‍ വിശാല്‍ തടുത്തിട്ടു. തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടി കൊച്ചി ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ അറുപതാം മിനിറ്റില്‍ ലീഡ് ഇരട്ടിയാക്കാന്‍ കാലിക്കറ്റിന് അവസരം ലഭിച്ചു. പക്ഷെ, തോയ് സിംഗിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു.
എഴുപതാം മിനിറ്റില്‍ സമനില നേടാനുള്ള കൊച്ചിയുടെ ശ്രമത്തിന് ക്രോസ് ബാര്‍ തടസമായി. സാല് അനസിന്റെ ചിപ്പ് ഷോട്ടാണ് ഗോളാകാതെ പോയത്. എഴുപത്തിയൊന്നാം മിനിറ്റില്‍ കാലിക്കറ്റ് രണ്ടാം ഗോളടിച്ചു. പകരക്കാരന് എണസ്റ്റ് ബെര്‍ഫോ ഹെഡ് ചെയ്തു നല്കിയ അസിസ്റ്റില്‍ സ്കോര്‍ ചെയ്തത് കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്.
ഇഞ്ചുറി ടൈമില്‍ ബ്രസീലിന്റെ റഫേല്‍ അഗസ്റ്റോയുടെ പാസില്‍ ഡോറിയല്‍ട്ടന്‍ കൊച്ചിയുടെ ആശ്വാസഗോള്‍ കുറിച്ചു. ലീഗില്‍ ബ്രസീല്‍ താരത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. അവസാന നിമിഷങ്ങളില്‍ അര്ജുന് ജയരാജിന്റെ നേതൃത്വത്തില്‍ കൊച്ചി സമനിലക്കായി പരിശ്രമിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധം ഇളകാതെ നിന്നതോടെ പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കിരീടം കാലിക്കറ്റ് സ്വന്തമാക്കി.