ലാഹോര്‍: ചാംപ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ 326 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്താന്‍. മറുപടി ബാറ്റിങില്‍ 24.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട ഇംഗ്ലണ്ട് 146 റണ്‍സാണ് നേടിയിട്ടുള്ളത്. റൂട്ടും (49) ബട്‌ലറും (6) ആണ് ക്രീസില്‍.
നിശ്ചിത 50-ഓവറില്‍ അഫ്ഗാനിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചത്. ചാംപ്യന്‍സ് ട്രോഫിയില്‍ സെമി പ്രതീക്ഷ സജീവമാക്കാന്‍ മത്സരത്തിലെ വിജയം ടീമുകള്‍ക്ക് അനിവാര്യമാണ്. തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. അഫ്ഗാന്‍ 37-3 എന്ന നിലയില്‍ നിന്നാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. നാലാം വിക്കറ്റില്‍ ഇബ്രാഹിം സദ്രാനും ഹഷ്മത്തുള്ള ഷാഹിദിയും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി.
വിക്കറ്റുകള്‍ വീഴുമ്പോഴും ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇബ്രാഹിം സദ്രാന്റെ ഉഗ്രന്‍ ഇന്നിങ്സിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നാലെ സെഞ്ചുറി തികച്ച താരം അഫ്ഗാന്‍ സ്‌കോറിങ്ങിന് വേഗത കൂട്ടി. ഓമര്‍സായി (41) പുറത്തായതോടെ പിന്നീട് മുഹമ്മദ് നബിയുമൊത്ത് സദ്രാന്‍ അടിച്ചുകളിച്ചു. അതോടെ ടീം മുന്നൂറ് കടന്നു. 146 പന്തില്‍ നിന്ന് 12 ഫോറുകളുടെയും ആറ് സിക്സുകളുടെയും അകമ്പടിയോടെ 177 റണ്‍സെടുത്താണ് സദ്രാന്‍ പുറത്തായത്. മുഹമ്മദ് നബി 40 റണ്‍സെടുത്തു. ഒടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സിന് അഫ്ഗാന്‍ ഇന്നിങ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ആര്‍ച്ചര്‍ മൂന്നുവിക്കറ്റെടുത്തു.ഈ മല്‍സരത്തിലെ പരാജിതര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്താവും.