റൊസാരിയോ– സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരത്തിനിറങ്ങിയ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ പ്രകടനത്തിൽ അർജന്റീനക്ക് മിന്നും വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വെനസ്വേലയെയാണ് തകർത്തത്. മറ്റു മത്സരങ്ങളിൽ ഇതേ സ്കോറിന് തന്നെ ബ്രസീൽ ചിലിയെയും, കൊളംബിയ ബോളീവിയയും, ഉറുഗ്വേ പെറുവിനെയും പരാജയപ്പെടുത്തി. ഇതോടെ കൊളംബിയ, ഇക്വഡോർ, പരാഗ്വേ എന്നിവർ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.
അർജന്റീനക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സ്വന്തം ആക്കിയത് ലൗട്ടരോ മാർട്ടിനെസ്സാണ്. 39 മിനുറ്റിൽ ഗോളടിക്കാൻ അവസരം ഉണ്ടായിട്ടും ജൂലിയൻ ആൽവരസ് മെസ്സിക്ക് പന്ത് നൽകി. താരം വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ പന്ത് വലയിൽ എത്തിച്ചതോടെ സ്കോർ 1-0. 76 മിനുറ്റില്‍ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് മെസ്സി സുന്ദരമായ പാസ്സിലൂടെ നിക്കോ ഗോൺസലാസിന് നൽകുന്നു. ഗോൺസലാസ് നൽകിയ ക്രോസ് കൃത്യമായ ഹെഡറിലൂടെ മാർട്ടിനെസ് വലയിൽ എത്തിച്ച് ലീഡ് വർദ്ധിപ്പിച്ചു. നാലു മിനുറ്റുകൾക്ക് ശേഷം മാർട്ടിനെസ് നൽകിയ പന്ത് മെസ്സി ഗോൾ ആക്കിയതോടെ അർജന്റീന വിജയം ഉറപ്പിച്ചു കഴിഞ്ഞു. മറ്റു പല അവസരങ്ങളും അർജന്റീനക്ക് ലഭിച്ചെങ്കിലും സന്ദർശകരുടെ ഗോൾകീപ്പർ ഈ അവസരങ്ങളെല്ലാം തട്ടിയകറ്റി.
കാർലോ അഞ്ചലോട്ടിയുടെ കീഴിൽ സ്വന്തം കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യമായിരുന്നു ബ്രസീൽ കാഴ്ചവച്ചത്. സാംബകൾക്ക് വേണ്ടി 38 ആം മിനുറ്റിൽ എസ്റ്റേവോയും 72 മിനുറ്റിൽ ലൂക്കാസ് പക്വെറ്റ, 76 മിനുറ്റിൽ ബ്രൂണോ ഗുയിമാറാസ് എന്നിവരാണ് ഗോളുകൾ നേടിയത്. എതിരാളികളായ ചിലി ചിത്രത്തിലെ ഇല്ലായിരുന്നു.
മറ്റു മത്സരങ്ങൾ
കൊളംബിയ – 3 ( ജെയിംസ് റോഡ്രിഗസ് – 31/ ജോൺ കോർഡോബ – 74 / ജുവാൻ ഫെർണാണ്ടോ ക്വിൻ്റേറോ – 83)
ബൊളീവിയ – 0
ഉറുഗ്വേ – 3 ( റോഡ്രിഗോ അഗ്യൂറെ – 14 /
ജോർജിയൻ ഡി അരാസ്കേറ്റ – 58 / ഫെഡറിക്കോ വിനാസ് – 80)
പെറു – 0
പരാഗ്വേ – 0
ഇക്വഡോർ -0