ബർമിങ്ഹാം: ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് വിജയിച്ചതിനു പിന്നാലെ ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ ബ്രാൻഡിങ് വിവാദത്തിൽ. ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കിറ്റ് സ്‌പോൺസർമാരായ അഡിഡാസുമായുള്ള കരാർ ലംഘിച്ച സംഭവത്തിലാണ് ഗിൽ വിവാദനായകനായത്. കരാർ പ്രകാരം മത്സര സമയങ്ങളിൽ ഇന്ത്യൻ കളിക്കാരെല്ലാം അഡിഡാസിന്റെ ചിഹ്നമുള്ള വസ്ത്രം ധരിക്കണമെന്നും, മറ്റ് ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കരുത് എന്നുമാണ് ചട്ടം. എന്നാൽ, നാലാം ദിവസം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുമ്പോൾ ഗിൽ ധരിച്ചിരുന്ന ‘നൈക്കി’ ലോഗോയുള്ള ടി ഷർട്ടാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
കളിയുടെ നാലാം ദിനമായ ശനിയാഴ്ച രവിന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നായകനായ ഗിൽ പവലിയനിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ചു. ഈ സമയത്ത് ഗിൽ ധരിച്ചിരുന്ന കറുത്ത നിറമുള്ള ടി ഷർട്ടിൽ നൈക്കിയുടെ ലോഗോ വ്യക്തമായും കാണാമായിരുന്നു. ടിവി ക്യാമറകൾ ഗില്ലിന്റെ അംഗവിക്ഷേപങ്ങൾ പകർത്തിയതിനാൽ ഇത് ടെലിവിഷൻ വഴി ലോകമെങ്ങുമുള്ള പ്രേക്ഷകർ കാണുകയും ചെയ്തു. ഇതോടെയാണ്, ബ്രാൻഡ് വിവാദം ചൂടുപിടിച്ചത്.
സംഭവത്തിനു പിന്നാലെ അതൃപ്തിയറിയിച്ച് അഡിഡാസ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ഇമെയ്ൽ അയച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്യാപ്ടൻ ആയ ഗില്ലിന്റെ വസ്ത്രധാരണം ബ്രാൻഡ് കരാറിന് വിരുദ്ധമാണെന്ന് സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
2023-ലാണ് നിലവിലെ അഞ്ചു വർഷ കരാറിൽ ബിസിസിഐയും അഡിഡാസും ഒപ്പുവച്ചത്. ഇന്ത്യയുടെ പുരുഷ, വനിതാ, അണ്ടർ 19 ടീമുകളുടെ എല്ലാ ഫോർമാറ്റ് മത്സരങ്ങളുടെയും കിറ്റുകൾ തയാറാക്കുന്നതിനുള്ള അവകാശം കരാർ പ്രകാരം അഡിഡാസിനാണ്. മത്സര, പരിശീലന സമയങ്ങളിലും യാത്രാവേളകളിലും അഡിഡാസിന്റെ ലോഗോയുള്ള ജഴ്‌സികൾ മാത്രമേ കളിക്കാർ ധരിക്കാൻ പാടുള്ളൂ.