പാരിസ്: ഒളിംപിക്‌സ് ത്വെയ്‌കൊണ്ടായില്‍ ഇസ്രായേല്‍ താരത്തെ അടിച്ചൊതുക്കി സൗദിയുടെ ദുനിയാ അബു ത്വാലിബ്. ഇസ്രായേലിന്റെ അബിഷഗ് സെംബര്‍ഗിനെയാണ് ദുനിയാ വീഴ്ത്തിയത്. പ്രീക്വാര്‍ട്ടറിലാണ് സൗദി താരത്തിന്റെ ജയം. 2-6, 5-4, 10-0 എന്ന സ്‌കോറിനാണ് താരത്തിന്റെ ജയം. വനിതാ വിഭാഗത്തില്‍ 49 കിലോ ക്യാറ്റഗറിയിലാണ് താരത്തിന്റെ തകര്‍പ്പന്‍ വിജയം. സൗദിയ്ക്കായി ത്വെയ്‌കൊണ്ടായില്‍ യോഗ്യത നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടത്തോടെയാണ് താരം പാരിസില്‍ എത്തിയത്. ഇരു താരങ്ങള്‍ക്കും വന്‍ ആരാധക പിന്തുണയുണ്ടായിരുന്നു ഗ്യാലറിയില്‍. ആവേശം നിറഞ്ഞ മല്‍സരമായിരുന്നു. 2020 സമ്മര്‍ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് സെംബര്‍ഗ്.
2015ലാണ് ദുനിയാ സൗദി ത്വൊയ്‌കൊണ്ടാ ഫെഡറേഷനില്‍ ചേരുന്നത്. സൗദിയില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പരിശീലനം ഇല്ലാത്ത കാലത്താണ് ദുനിയ മാര്‍ഷ്യല്‍ ആര്‍ട്‌സിലേക്ക് വരുന്നത്. തന്റെ സഹോദരനൊപ്പം പ്രെവറ്റ് ക്ലബ്ബിലാണ് താരം 13 വയസ്സ് വരെ പരിശീലനം നടത്തിയത്. പിന്നീട് തന്റെ സഹോദരന്റെ പരിശീലകനൊപ്പമാണ് താരം ത്വെയ്‌കൊണ്ടോ അഭ്യസിച്ചത്. 2022 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോക ത്വെയ്‌കൊണ്ടോ മല്‍സരത്തില്‍ താരം സൗദിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2022 ഏഷ്യന്‍ ഗെയിംസില്‍ താരം മൂന്നാം സ്ഥാനം നേടിയിരുന്നു.
പാരിസ് ഒളിംപിക്‌സില്‍ നിന്ന് ഇസ്രായേലിനെ വിലക്കണമെന്ന് തുടക്കം മുതലെ നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹംത്യയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. എന്നാല്‍ ഐഒസി ഇസ്രായേലിനെ വിലക്കിയിരുന്നില്ല.