റിയാദ്: സൗദി സൂപ്പര്‍ കപ്പില്‍ മുത്തമിട്ട് അല്‍ ഹിലാല്‍. ഇപ്പോള്‍ നടന്ന ഫൈനലില്‍ അല്‍ നസറിനെതിരേ 4-1ന്റെ ജയമാണ് അല്‍ ഹിലാല്‍ നേടിയത്. 55ാം മിനിറ്റില്‍ സെര്‍ജ് മിലിനകോവിക്ക്, 63, 69 മിനിറ്റുകളിലായി അല്ക്‌സാണ്ടര്‍ മിട്രോവിച്ച്, 72ാം മിനിറ്റില്‍ മാല്‍ക്കോം എന്നിവരാണ് അല്‍ ഹിലാലിനായി വലകുലിക്കിയത്.
മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ലീഡെടുത്തത് അല്‍ നസറായിരുന്നു. 44ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയായിരുന്നു അല്‍ നസറിന്റെ ലീഡ്. എന്നാല്‍ രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവ് നടത്തിയാണ് അല്‍ ഹിലാല്‍ ജയം പിടിച്ചെടുത്തത്. രണ്ടാം പകുതിയില്‍ വേഗതിയിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിലായിരുന്നു അല്‍ ഹിലാല്‍. കൂടുതല്‍ സമയം പന്ത് കൈവശം വച്ചും നിരവധി ഷോട്ടുകള്‍ ടാര്‍ഗറ്റ് ചെയ്തുമാണ് അല്‍ ഹിലാല്‍ മുന്നിട്ട് നിന്നത്.
സെമിയില്‍ അല്‍ താവൂനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് അല്‍ നസര്‍ ഫൈനല്‍ ഉറപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവിലാണ് അല്‍ നസര്‍ ഫൈനലിലേക്ക് മുന്നേറിയത്. അല്‍ അഹ്ലി സൗദിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് അല്‍ ഹിലാല്‍ ഫൈനല്‍ പോരിന് എത്തിയത്.
സെമിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ അല്‍ നസര്‍ താരം മാര്‍സെലോ ബ്രോസിവിച്ചിന് ഫൈനലില്‍ ഇറങ്ങിയിരുന്നില്ല. ഇത് അല്‍ നസറിന് കനത്ത നഷ്ടമായിരുന്നു. മൂന്നാം സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് അല്‍ നസര്‍ ഇറങ്ങിയത്. 2020ലാണ് അവസാനമായി അല്‍ നസര്‍ സൗദി സൂപ്പര്‍ കപ്പില്‍ മുത്തമിടുന്നത്. അല്‍ ഹിലാലാണ് നിലവിലെ ജേതാക്കള്‍.