ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ തിരിച്ചുവരവിന്റെ പാതയില്‍. സര്‍ഫറാസ് ഖാന്റെ സെഞ്ചുറിക്ക് പിന്നാലെ റിഷഭ് പന്ത് അര്‍ധ സെഞ്ചുറിയും അടിച്ചെടുത്താണ് ഇന്ത്യയെ കരകയറ്റുന്നത്. മഴ കാരണം മത്സരം വീണ്ടും താല്‍ക്കാലികമായി നിര്‍ത്തിവെയ്ച്ചിരിക്കുകയാണ്. 154 പന്തില്‍ 125 റണ്‍സുമായി സര്‍ഫറാസും 56 പന്തില്‍ 53 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസില്‍.
കേവലം 110 പന്തുകളിലാണ് സര്‍ഫറാസ് മൂന്നക്കം തികച്ചത്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ കന്നി സെഞ്ചുറിയാണ് ന്യൂസിലാന്‍ഡിനെതിരെ സര്‍ഫറാസ് നേടിയത്.ബെംഗളൂരുവില്‍ കിവികള്‍ ഉയര്‍ത്തിയ 356 റണ്‍സിന്റെ കൂറ്റന്‍ ഇന്നിങ്‌സ് ലീഡ് മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് നിര്‍ണായകമാണ് സര്‍ഫറാസിന്റെ സെഞ്ചുറി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പ്രതിസന്ധിയില്‍ നില്‍ക്കേ നാലാമനായാണ് സര്‍ഫറാസ് ക്രീസിലെത്തിയത്.
നേരിട്ട ആദ്യ പന്തുമുതല്‍ ഏകദിന ശൈലിയിലാണ് സര്‍ഫറാസ് ബാറ്റുവീശിയത്. മത്സരത്തിന്റെ മൂന്നാം ദിനം വിരാട് കോഹ്ലിക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. കോഹ്ലി പുറത്തായിട്ടും കരുതലോടെ തന്റെ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയ സര്‍ഫറാസ് അതിവേഗം തന്റെ നാലാമത്തെ അര്‍ദ്ധ സെഞ്ചുറി നേടി. തന്റെ നാലാമത്തെ ടെസ്റ്റില്‍ നിന്ന് കന്നി സെഞ്ചുറി കണ്ടെത്താനും സര്‍ഫറാസിന് സാധിച്ചു.
മത്സരത്തിന്റെ രണ്ടാം ദിനം കാല്‍മുട്ടിന് പരിക്കേറ്റ് മടങ്ങിയ പന്ത് നാലാം ദിനമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്. ന്യൂസിലാന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിടെയാണ് പന്തിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുകയായിരുന്ന റിഷഭ് പന്തിന്റെ കാല്‍മുട്ടിന് ഇടിക്കുകയായിരുന്നു. കാറപകടത്തില്‍ പരിക്കേറ്റ് ശസ്ത്രക്രിയകള്‍ നടത്തിയ അതേ വലതുകാലില്‍ പരിക്കേറ്റ പന്ത് പിന്നാലെ കളംവിട്ടിരുന്നു. പന്തിന് പകരം ധ്രുവ് ജുറേലാണ് പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കാത്തത്.
കളത്തിലേക്ക് തിരിച്ചെത്തിയ പന്ത് നിര്‍ണായക ഇന്നിങ്സ് കളിച്ചാണ് ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയെ കരകയറ്റുന്നത്. 55 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി കുറിച്ചത്. സര്‍ഫറാസ് ഖാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് പന്ത് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്.