ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് ഗോവയ്‌ക്കെതിരേ മികച്ച ജയം. ഇന്ന് ഹൈദരബാദില്‍ നടന്ന മത്സരത്തില്‍ ഗോവയെ നേരിട്ട കേരളം മൂന്നിനെതിരെ നാലു ഗോളുകളുടെ ജയമാണ് നേടിയത്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ കേരളത്തെ വീഴ്ത്തിയ ഗോവയെ പരാജയപ്പെടുത്തിയാണ് വിജയയാത്ര തുടങ്ങിയത്. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് ഗോവ മുന്നേറ്റം നടത്തുകയായിരുന്നു.
എന്നാല്‍ ആദ്യപകുതിയില്‍ത്തന്നെ മൂന്നു ഗോള്‍ തിരിച്ചടിച്ച് ഗംഭീര മറുപടിയാണ് കേരളം നല്‍കിയത്. സമ്മര്‍ദത്തിനു വഴങ്ങാതെ കളിച്ചതാണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്. 15-ാം മിനിറ്റില്‍ മുഹമ്മദ് റിയാസിന്റെ ഗോളിലൂടെ കേരളം ഒപ്പത്തിനൊപ്പമെത്തി. തുടര്‍ന്ന് മുഹമ്മദ് അജ്സലും നസീബ് റഹ്‌മാനും വലകുലുക്കിയതോടെ കേരളം 3-1 ന് ലീഡ് നേടി. രണ്ടാം പകുതി ആരംഭിച്ചതോടെ ഇരുടീമുകളും ആക്രമണം ശക്തമാക്കാന്‍ തുടങ്ങി.
71-ാം മിനിറ്റില്‍ ക്രിസ്റ്റി ഡേവിസ് കൂടി ഗോള്‍ നേടിയതോടെ മികച്ച സ്‌കോറിലെത്തി കേരളം. മത്സരം അവസാന 20 മിനിറ്റിലേക്കു എത്തുമ്പോള്‍ 41ന് മുന്നിലായിരുന്നു. വിജയമുറപ്പിച്ച കേരളത്തിന് മുന്നില്‍ പിന്നാലെ ഗോവ ആക്രമണം അഴിച്ചുവിടാന്‍ തുടങ്ങി.തുടരെ രണ്ട് ഗോളുകള്‍ കേരളത്തിന്റെ പോസ്റ്റിലെത്തിച്ച ഗോവ കളിയെ ആവേശമാക്കി. 78, 86 മിനിറ്റുകളില്‍ ഗോള്‍ മടക്കി ഗോവ തോല്‍വി ഭാരം കുറച്ചു. കേരളത്തിന്റെ പ്രതിരോധനിര വരുത്തിയ പിഴവുകളാണ് എതിരേ ഗോള്‍ പിറക്കാന്‍ കാരണം.
അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനുള്ള ഗോവയുടെ ശ്രമങ്ങളെല്ലാം കേരളം നിഷ്പ്രഭമാക്കി. ഗോവ സ്‌കോര്‍ 43ല്‍ എത്തിച്ചെങ്കിലും, പിന്നീട് കേരള താരങ്ങള്‍ ഒന്നിച്ചുനിന്ന് ആക്രമണങ്ങളെ പ്രതിരോധിച്ച് ടീമിന് വിജയം സമ്മാനിക്കുകയായിരുന്നു.റണ്ണേഴ്സപ്പായി ഫൈനല്‍ റൗണ്ടിലേക്ക് നേരിട്ടാണ് ഗോവയുടെ വരവ്. യോഗ്യതാ റൗണ്ടില്‍ മൂന്ന് കളികളില്‍ 18 ഗോളുകള്‍ എതിര്‍വലയിലെത്തിച്ച കേരളം ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.