റിയാദ്: സൗദി സൂപ്പര്‍ കപ്പില്‍ അല്‍ നസറിന്റെ ദയനീയ പ്രകടനത്തില്‍ രോഷാകുലനായ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗ്രൗണ്ടില്‍വച്ച് അശ്ലീല ആംഗ്യം കാണിച്ച സംഭവം വിവാദത്തില്‍. ശനിയാഴ്ച നടന്ന മത്സരത്തില്‍ അല്‍ ഹിലാലാണു തുടര്‍ച്ചയായ രണ്ടാം തവണയും അല്‍ നസ്റിനെ തോല്പിച്ചത്. 4-1നായിരുന്നു അല്‍ ഹിലാലിന്റെ വിജയം. ടീം നാലാം ഗോള്‍ വഴങ്ങിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട അല്‍ നസ്ര് താരം അശ്ലീല ആംഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കൈ പിറകിലേക്ക് വച്ച് മോശം രീതിയിലാണ് താരം ആംഗ്യം കാണിച്ചത്. മത്സരത്തിനിടെ മോശം രീതിയില്‍ പെരുമാറിയ റൊണാള്‍ഡോയ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ആദ്യ പകുതിക്കു മുന്‍പ് റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസ്ര് മുന്നിലെത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 17 മിനിറ്റിനിടെ നാലു ഗോളുകള്‍ തിരിച്ചടിച്ച് അല്‍ ഹിലാല്‍ കളി സ്വന്തമാക്കിയതോടെയാണ് റൊണാള്‍ഡോയുടെ നിയന്ത്രണം നഷ്ടമായത്.ഇതില്‍ രോഷകുലനായ താരം ടീമംഗങ്ങളെ വഴക്ക് പറയുകയും ചെയ്തിരുന്നു. അല്‍ നസര്‍ ഗോള്‍ വഴങ്ങിയപ്പോള്‍ ക്രിസ്റ്റിയാനോ സ്വന്തം ടീമംഗങ്ങള്‍ ഉറക്കമാണെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. നിരാശയോടെ താരം പല ആംഗ്യങ്ങളും കാണിക്കുന്നുണ്ടായിരുന്നു.
സെര്‍ഗെജ് (55ാം മിനിറ്റ്), മിട്രോവിച് (63,69), മാല്‍കോം (72) എന്നിവരുടെ ഗോളുകളിലാണ് അല്‍ ഹിലാല്‍ ജയം നേടിയത്. മല്‍സരത്തില്‍ 44ാം മിനിറ്റിലാണ് അല്‍ നസര്‍ മുന്നിലെത്തുന്നത്. അബ്ദുള്‍റഹ്മാന്‍ ഗരീബിന്റെ അസിസ്റ്റിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബിലെത്തിയ ശേഷം സൗദി അറേബ്യയിലെ ഒരു ടൂര്‍ണമെന്റും വിജയിക്കാന്‍ അല്‍ നസ്റിനു സാധിച്ചിട്ടില്ല.