ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കാല്‍മുട്ടില്‍ പന്തുകൊണ്ട് പരിക്കേറ്റ റിഷഭ് പന്ത് മൂന്നാം ദിനം വിക്കറ്റ് കീപ്പറായി ഇറങ്ങില്ല. മൂന്നാം ദിനം റിഷഭ് പന്തിന് പകരം ധ്രുവ് ജുറെലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്. അതേസമയം, റിഷഭ് പന്ത് ബാറ്റിംഗിന് ഇറങ്ങുമോ എന്ന കാര്യം വ്യക്തമല്ല. ബിസിസിഐ മെഡിക്കല്‍ സംഘം റിഷഭ് പന്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ 37-ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ബൗളിംഗില്‍ കീപ്പ് ചെയ്യുന്നതിനിടെയാണ് പന്ത് കാല്മുട്ടില്കൊണ്ട് റിഷഭ് പന്തിന് പരിക്കേറ്റത്. രണ്ട് വര്‍ഷം മുമ്പ് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോള്‍ നിരവധി ശസ്ത്രക്രിയ നടത്തിയ ഇടത് കാലില്‍ തന്നെയാണ് ഇന്നലെ ജഡേജയെറിഞ്ഞ പന്ത് കൊണ്ടത്. പന്ത് കാല്‍മുട്ടില്‍ കൊണ്ട ഉടനെ വേദനകൊണ്ട് പുളഞ്ഞ റിഷഭ് പന്ത് ഗ്രൗണ്ട് വിട്ടിരുന്നു. കാല്‍മുട്ടില്‍ നീരുള്ള റിഷഭ് പന്തിന്റെ കാര്യത്തില്‍ റിസ്ക് എടുക്കാനാവാത്തതുകൊണ്ടാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടതെന്ന് രണ്ടാം ദിവസത്തെ കളിക്കുശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നു.ശസ്ത്രക്രിയ ചെയ്ത കാലിലാണ് പന്ത് കൊണ്ടെന്നതിനാല് റിസ്കെടുത്ത് കളിക്കാന്‍ റിഷഭും തയ്യാറായിരുന്നില്ല.
മൂന്നാം ദിനം ന്യൂസിലന്റ് ശക്തമായ നിലയിലാണ്. 237 റണ്‍സിന്റെ ലീഡ് കിവികള്‍ നേടിയിട്ടുണ്ട്. നിലവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തിട്ടുണ്ട്.