റിയാദ്: അല്‍ നസര്‍ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ഇനിയില്ലെന്ന് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രൊ ലീഗ് ക്ലബ്ബ് അല്‍ നസറില്‍ തന്നെയായിരിക്കും തന്റെ വിരമിക്കല്‍ എന്നും പോര്‍ച്ചുഗല്‍ താരം പറഞ്ഞു. പോര്ച്ചുഗ്രീസ് ടിവിക്കനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
തന്റെ പഴയകാല ക്ലബ്ബ് സ്പോര്‍ട്ടിങ് ലിസ്ബണിലേക്ക് തിരിച്ചുപോവുമോ എന്ന ചോദ്യത്തിനാണ് കരിയറില്‍ ഇനി മറ്റൊരു ക്ലബ്ബില്ലെന്നും അല്‍ നസറില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹം എന്നും താരം വ്യക്തമാക്കിയത്. മൂന്നോ നാലോ വര്‍ഷങ്ങള്‍ കൂടി കളിക്കണമെന്നാണ് ആഗ്രഹം. അല്‍ നസറില്‍ താന്‍ വളരെയധികം സന്തോഷവാനാണ്. സൗദി തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ രാജ്യത്തെ ഞാന്‍ വളരെയേറെ സ്നേഹിക്കുന്നുവെന്നും ഇവിടെ തന്നെ തുടരാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
ദേശീയ ടീമില്‍ നിന്ന് എന്ന് വിരമിക്കുമെന്ന ചോദ്യം വളരെ കടുപ്പമുള്ളതാണെന്നും ആ ചോദ്യത്തിനുള്ള ഉത്തരം സമയത്തെ അനുസരിച്ചിരിക്കുമെന്നും മുന്‍ റയല്‍ മാഡ്രിഡ് താരം പറഞ്ഞു. 2023ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും റൊണാള്‍ഡോ അല്‍ നസറില്‍ എത്തുന്നത്. 67 മല്‍സരങ്ങളില്‍ നിന്നും അല്‍ നസറിനായി 61 ഗോളുകള്‍ താരം സ്കോര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടവും (898) റൊണാള്‍ഡോയ്ക്ക് സ്വന്തമാണ്. യുവേഫാ നാഷന്‍സ് ലീഗ് മല്‍സരങ്ങള്‍ക്കായി റൊണാള്‍ഡോ ദേശീയ ടീമിനൊപ്പം ഉടന്‍ ചേരും. അടുത്ത മാസം അഞ്ചിന് ക്രൊയേഷ്യയ്ക്കെതിരേയും എട്ടിന് സ്കോട്ട്ലന്റിനെതിരേ പോര്‍ച്ചുഗല്‍ കളിക്കുന്നുണ്ട്.