മുംബൈ– ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 സെഞ്ചുറികൾ നേടിയ ഓപ്പണറായ സഞ്ജുവിനെ ടീം മാനേജ്മെന്റ് അർഹമായ രീതിയിൽ പരിഗണിക്കുന്നുണ്ടോ എന്നത് എക്കാലത്തും ഉയരുന്ന ചോദ്യങ്ങളാണ്.
ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന സഞ്ജുവിനെ ശുഭ്മാൻ ഗിൽ ടീമിലെത്തിയതോടെ മധ്യനിരയിലേക്ക് മാറ്റി. ഗിൽ വൈസ് ക്യാപ്റ്റനായി. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഒരു ഘട്ടത്തിൽ സഞ്ജുവിനെ ആദ്യ ഏഴ് സ്ഥാനങ്ങളിൽ പോലും ഇറക്കിയില്ല. എന്നിട്ടും, ഈ തീരുമാനങ്ങളിൽ തനിക്ക് പരാതിയില്ലെന്നും രാജ്യത്തിനായി പന്തെറിയാൻ പോലും തയ്യാറാണെന്നും പറയുകയാണ് സഞ്ജു . 2025-ലെ സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ്‌സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യൻ ജേഴ്‌സി ധരിച്ചാൽ ‘ഇല്ല’ എന്ന് പറയാൻ കഴിയില്ല. ആ ജേഴ്‌സിയും ഡ്രസ്സിങ് റൂമും നേടിയെടുക്കാൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി എന്റെ ജോലി ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനോ ഇടംകൈ സ്പിൻ എറിയാനോ ആവശ്യപ്പെട്ടാലും, രാജ്യത്തിനുവേണ്ടി ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നൽകി.
“അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കി, പക്ഷേ ആ കാലയളവിൽ 40 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. കണക്കുകൾ പൂർണമായ കഥ പറയുന്നില്ല. എന്നിട്ടും, ഇന്നത്തെ ഞാൻ ആരാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ നേരിട്ട വെല്ലുവിളികളിൽ അഭിമാനിക്കുന്നു. പുറത്തെ ശബ്ദങ്ങളെ അവഗണിച്ച് എന്റെ ഉള്ളിലെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശീലിച്ചു,” സഞ്ജു കൂട്ടിച്ചേർത്തു.