ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ചെപ്പോക്കില്‍ 17 വര്‍ഷത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ആര്‍സിബിയുടെ 197 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ മറുപടി 146 റണ്‍സിലൊതുങ്ങി. ഇതോടെ ആര്‍സിബി 50 റണ്‍സ് ജയം നേടി. ആര്‍സിബി ബോളര്‍മാരുടെ മിന്നും പ്രകടനമാണ് ചെന്നൈയ്ക്കെതിരെ സന്ദര്‍ശകര്‍ക്ക് തുണയായത്. ഹേസല്‍വുഡ് മൂന്ന് വിക്കറ്റും യാഷ് ദയാല്‍, ലിവിങ്സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ചെന്നൈയ്ക്ക് വേണ്ടി രചിന്‍ രവീന്ദ്ര 41 റണ്‍സും ജഡേജ 25 റണ്‍സും ധോണി 30 റണ്‍സും നേടി.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 32 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സറുകളും അടക്കം 51 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
ഫില്‍ സാള്‍ട്ട് 32 റണ്‍സ് നേടിയും വിരാട് കോഹ്ലി 31 റണ്‍സ് നേടിയും ഭേദപ്പെട്ട പ്രകടനം നടത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലും ടിം ഡേവിഡും എളുപ്പത്തില്‍ സ്‌കോര്‍ ചലിപ്പിച്ചു. പടിക്കല്‍ 27 റണ്‍സും ഡേവിഡ് 22 റണ്‍സുമാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മതീഷ് പതിരാന രണ്ട് വിക്കറ്റും ഖലീല്‍ അഹമ്മദും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും നേടി.